anwar-sadath-mla
കുടിവെള്ള പ്രതിസന്ധി ചർച്ചചെയ്യാൻ അൻവർ സാദത്ത് എം.എൽ.എ വിളിച്ച ജനപ്രതിനിധികളുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം

ആലുവ: ആലുവ പമ്പ്കവല മുതൽ ബാങ്ക്കവലവരെ ഭൂഗർഭപൈപ്പുകൾ മാറ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കുന്നതിനും പൊടിശല്യം ഒഴിവാക്കുന്നതിനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ആലുവ മണ്ഡലത്തിലെ കുടിവെള്ളവിഷയം ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമുണ്ടായി. പൈപ്പുകൾ പൊട്ടുമ്പോൾ യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യുന്നില്ലെന്നാണ് പരാതി. പ്രദേശവാസികളും ജനപ്രതിനിധികളും വിളിച്ചറിയിച്ചാലും ചോർച്ച പരിഹരിക്കുന്നതിത് മൂന്നുദിവസംവരെ സമയമെടുക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജലജീവൻമിഷൻ പദ്ധതിയിലെ അപാകതകളും ചർച്ചയായി. പദ്ധതിപ്രകാരം നൽകിയ കണക്ഷനുകളിൽ കുടിവെള്ളം എത്താത്തതിലും പ്രതിഷേധമുയർന്നു.

 ശിവരാത്രിക്കുമുമ്പ് കുടിവെള്ള പ്രതിസന്ധി പരിഹരിക്കും

ആലുവ ശിവരാത്രിക്ക് മുമ്പ് ആലുവ ടൗണിലും ഭക്തജനങ്ങൾ വരുന്ന പ്രദേശങ്ങളിലും വാട്ടർ അതോറിറ്റി തടസ്സമില്ലാതെ വെള്ളമെത്തിക്കുവാൻ നടപടിയെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു. നഗരസഭ ചെയൽമാൻ എംഒ.. ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, രാജി സന്തോഷ്, സെബ മുഹമ്മദാലി, വാട്ടർ അതോറിറ്റി എക്‌സി. എൻജിനീയർ പി.എസ്. പ്രദീപ്, അസി.എക്‌സി. എൻജിനീയർ വിനിത, അസി. എൻജിനീയർ സൗമ്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.