
കൊച്ചി: അംബേദ്കർ സ്റ്റേഡിയം നവീകരണം, ഗാന്ധിനഗർ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങൾക്ക് അടിയന്തരശ്രദ്ധ നൽകണമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയോട് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ചെയർമാനുമായി അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.എൽ.എ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ജി.സി.ഡി.എയുടെ അനുമതി ലഭ്യമായാൽ കമ്മട്ടിപാടത്തേക്കുള്ള റോഡ് എം.എൽ.എ ഫണ്ടിൽ നിർമ്മിക്കാമെന്ന വാഗ്ദാനവും ടി.ജെ. വിനോദ് നൽകി. ഇതിനായി എൻ.ഒ.സിക്കുള്ള അപേക്ഷ നൽകിയെങ്കിലും നിരപേക്ഷപത്രം നൽകാൻ ജി.സി.ഡി.എ വിസമ്മതിക്കുകയാണെന്ന് കൂടിക്കാഴ്‌ചയിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. റോഡ് യാഥാർത്ഥ്യമായാൽ കമ്മട്ടിപ്പാടം നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. ഇക്കാര്യത്തിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കാമെന്ന് കെ. ചന്ദ്രൻപിള്ള ഉറപ്പുനൽകി.