road
മണ്ണൂർ പോഞ്ഞാശേരി റോഡ് നിർമ്മാണത്തിലെ പരാതിയെത്തുടർന്ന് കെ.ആർ.എഫ്.ബി സൂപ്രണ്ടിംഗ് എൻജിനീയർ പരിശോധന നടത്തുന്നു

കോലഞ്ചേരി: മണ്ണൂർ - പോഞ്ഞാശേരി റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയെത്തുടർന്ന് കെ.ആർ.എഫ്.ബി സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. മഞ്ജുഷ മണ്ണൂരിൽ എത്തി. തൃക്ക അമ്പലത്തിന് സമീപം റോഡ് നിർമ്മാണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് പരാതി. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. റോഡ് സംരക്ഷണ സമിതി അംഗങ്ങൾ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മോളി എന്നിവർ ചേർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് മണ്ണൂർ ഗാർഡിയൻ ഏയ്ഞ്ചൽ സ്‌കൂൾ ഓഡി​റ്റോറിയത്തിൽ നാട്ടുകാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മണ്ണൂർ ഭാഗത്ത് നടക്കുന്ന നിർമ്മാണത്തിനായി കരാറുകാരന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സുഗമമായി പണി പൂർത്തിയാക്കുന്നതിന് കിഫ്ബിയുടെ ചില സാങ്കേതിക അനുമതി കൂടി ആവശ്യമാണ്. ഇതിനായി വ്യാഴാഴ്ചക്കകം ഈ ഭാഗത്തെ സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ടുകൾ കിഫ്ബിക്ക് നൽകും. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കിഫ്ബിയുടെ സാങ്കേതിക വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കും. തിങ്കളാഴ്ചയ്ക്കകം പ്രവൃത്തികൾ പുനരാരംഭിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി. മണ്ണൂർ ഗാർഡിയൻ ഏയ്ഞ്ചൽ സ്‌കൂളിന് മുന്നിലെ ബി.എസ്.എൻ.എൽ കേബിൾ മാറ്റിസ്ഥാപിക്കാനുള്ള സഹായവും കെ.ആർ.എഫ്.ബി നൽകും. തൃക്ക അമ്പലത്തിന്റെ ഭാഗത്തുള്ള അപാകതകൾ പരിഹരിക്കുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.