ഒരു കാർ തന്നെ രണ്ടു പേർക്ക് വിറ്റ ശേഷം തട്ടിയെടുത്തു
കൊച്ചി: ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച ശേഷം ഒ.എൽ.എക്‌സിലൂടെ വിറ്റ കാർ യാത്രാമാർഗം മനസിലാക്കി പിന്തുടർന്ന് മോഷ്ടിച്ച് കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തിൽ വീട്ടിൽ ഇക്ബാൽ സലീം (24), ചെട്ടിപ്പടി ചോളക്കകത്ത് വീട്ടിൽ മുഹമ്മദ് ഫാഹിൽ (26), അരിയല്ലൂർ അയ്യനാവിൽ വീട്ടിൽ ശ്യാം മോഹൻ (23) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിക്ക് വിറ്റ ഹ്യുണ്ടായ് വെർണ കാർ പാലാവാരിവട്ടം ബൈപ്പാസിൽ വച്ച് തട്ടിയെടുത്ത കേസിലാണ് ഇവർ കുടുങ്ങിയത്. കോഴിക്കോട് വച്ച് വാങ്ങിയ കാറുമായി ഈ മാസം എട്ടിന് വരികയായിരുന്ന പരാതിക്കാരൻ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയ തക്കത്തിന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പ്രതികൾ വാഹനവുമായി സ്ഥലം വിടുകയായിരുന്നു.
എറണാകുളം അസി. കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടിയത്. പരാതി ലഭിച്ചയുടൻ മോഷ്ടാക്കളുടെ ഗൂഗിൾ പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, ഒ.എൽ.എക്‌സ് ആപ്ലിക്കേഷനിലെ അക്കൗണ്ട് എന്നിവ ശേഖരിച്ച് ആളുകളെ തിരിച്ചറിഞ്ഞു. സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഫോണും സിമ്മുകളും ഉപേക്ഷിച്ച് ബംഗളൂരുവിൽ ആർഭാടജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിവീണത്.
പാലക്കാട് സ്വദേശിയിൽ നിന്ന് വാങ്ങിയ കാറാണ് നെടുമങ്ങാട് സ്വദേശിക്ക് നല്ല വിലയ്ക്ക് വിറ്റത്. ഇതേകാർ തന്നെ ജനുവരിയിൽ പള്ളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം ഇതേ രീതിയിൽ തട്ടിയെടുത്തിരുന്നതായും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആഡംബര കാർ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് വളപട്ടണം സ്വദേശിയെ കബളിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞാണ് മൂവർസംഘം രണ്ട് കവർച്ചയും നടത്തിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ കൂടുതൽ ആളുകളെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പാലാരിവട്ടം എസ്.എച്ച്. ഒ എസ്. സനൽ, എസ്.ഐമാരായ ജോസി, ജയകുമാർ, എ.എസ്.ഐമാരായ സോമൻ, അനിൽ, എസ്.സി.പി.ഒ രതീഷ്, സിവിൽ, സി.പി.ഒമാരായ മാഹിൻ, അരുൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇടപാട് രാത്രിയിൽ,
വീഴ്ത്താൻ അടവുകളേറെ
ഒ.എൽ.എക്‌സ് വഴി കാർ വിറ്റ ശേഷം മോഷ്ടിച്ച് വീണ്ടും വില്പനയ്ക്ക് വയ്ക്കുന്ന മലപ്പുറം സംഘം പ്രവർത്തിച്ചിരുന്നത് കൃത്യമായ ആസൂത്രണത്തോടെ. പരസ്യം കണ്ട് സമീപിക്കുന്നവരോട് കോഴിക്കോട്ടോ മലപ്പുറത്തോ എത്താൻ ആവശ്യപ്പെടും. ഇടപാട് ഉറപ്പിക്കുന്നതിനായി നിശ്ചിത തുക ഗുഗിൽ പേ വഴി ആദ്യം വാങ്ങും. ഇവരുടെ സൗമ്യമായ സംസാര രീതിയിൽ ആരും വീണപോകും. ഒരു ലക്ഷത്തോളം രൂപയാണ് നെടുമങ്ങാട് സ്വദേശി ഇടപാട് ഉറപ്പിക്കാൻ നൽകിയത്.
രാത്രി എട്ട് മണിക്ക് ശേഷമേ ഇവർ കാറുമായി എത്തൂ. ആർ.സി ബുക്കിന്റെയും മറ്റും പകർപ്പ് നൽകാതിരിക്കാനാണ് ഈ സമയം തെരഞ്ഞെടുക്കുന്നത്. വാങ്ങുന്നയാൾ രേഖകൾ ചോദിച്ചാൽ ഫോട്ടോസ്റ്റാറ്ര് കടകൾ പൂട്ടിയെന്നും പിന്നീട് എത്തിക്കാമെന്നും പറഞ്ഞ് താക്കോൽ നൽകി യാത്രയാക്കും. ഇടപാടിന്റെ മുഴുവൻ തുകയും കൈപ്പറ്റുകയുമില്ല. നല്ല ലാഭത്തിൽ കാർ ലഭിച്ച സന്തോഷത്തിൽ മടങ്ങുന്നവർ രേഖകളെക്കുറിച്ച് ചിന്തിക്കില്ല. കാറിൽ ഘടിപ്പിച്ച ജി.പി.എസ് ഡിവൈസിന്റെ സഹായത്തോടെ ദിശ മനസിലാക്കി വാഹനം തന്ത്രപൂർവ്വം മോഷ്ടിച്ച് കടത്തുകയാണ് അടുത്ത നടപടി. പണം നൽകി വാങ്ങിയ കാറിന് ബുക്കും പേപ്പറുമില്ലെന്ന് പരാതി നൽകാൻ എത്തമ്പോഴാണ് തട്ടിപ്പിന് ഇരയായവർ തിരിച്ചറിയുക.