കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ്ലൈറ്റ് ചലഞ്ച് പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി ആരോപിച്ച് വീടുകളിൽ ലൈറ്റുകളണച്ച് പ്രതിഷേധിക്കുന്നതിനിടെ മർദ്ദനമേറ്റ ട്വന്റി 20 പ്രവർത്തകന് ഗുരുതര പരിക്ക്. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(38) വിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് ട്വന്റി 20 ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് മർദ്ദനമേറ്റ ദീപുവിനെ തിങ്കളാഴ്ച കഠിനമായ തലവേദനയെത്തുടർന്ന് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി. സ്‌കാനിംഗ് നടത്തി. തലയിൽ ആന്തരിക രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദീപുവിന്റെ വയറിൽ പലയിടത്തും ചതവുകളുമുണ്ട്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ ദീപു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ട്വന്റി 20 അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജിവൻ നിലനിറുത്തുന്നത്. കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് രാഷ്ട്രീയത്തിനതീതമായി താനൊപ്പമുണ്ടെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. അനുമതിയില്ലാതെ നടത്തുന്ന സ്ട്രീറ്റ്ലൈറ്റ് ചലഞ്ചിനെയാണ് എതിർത്തത്. അനധികൃത പണപ്പിരിവിനെയാണ് ചോദ്യം ചെയ്തത്. അന്വേഷണം നടത്തി ദീപുവിനെ ആക്രമിച്ച യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നും എം.എൽ.എ പറഞ്ഞു.