വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവന്ന മലമ്പനി നിവാരണ കാമ്പയിനുകൾക്ക് വിജയകരമായ പരിസമാപ്തി. ഇരുപത്തിമൂന്ന് വാർഡുകളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളും സ്‌ക്രീനിംഗ് ക്യാമ്പുകളും അന്യസംസ്ഥാന തൊഴിലാളി പരിശോധനകളും വിവരശേഖരണവുമെല്ലാം പൂർത്തിയായപ്പോൾ മലമ്പനി രോഗബാധ ആർക്കുമില്ലെന്ന് ഉറപ്പാക്കി. പ്രഖ്യാപനസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. ഷിനിൽ വിഷയം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിന്ദു തങ്കച്ചൻ, രാധിക സതീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എം. സോജി, എ.എച്ച്.ഐ പി.ജി. ആന്റണി എന്നിവർ പ്രസംഗിച്ചു.