ആലുവ: വാഹന പരിശോധനയുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന സ്‌പെഷൽ ഡ്രൈവിൽ 113 കേസെടുത്തു. അപകടകരമായി അതിവേഗതയിൽ വാഹനമോടിച്ചതിന് 17 കേസും അശ്രദ്ധമായി വാഹനമോടിച്ചതിന് 54 കേസും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 22 പേർക്കെതിരെയും ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിന് 20 പേർക്കെതിരെയും കേസെടുത്തു.
ഒമ്പതുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ വാഹനത്തിന്റെ ആർ.സി ഓണർക്കെതിരെ കേസെടുത്തു. വാഹനം ഓടിച്ച കുട്ടികളുടെ രക്ഷകർത്താക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം കൊടുത്തുവിടുന്ന രക്ഷകർത്താക്കൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. ഇങ്ങനെ പിടികൂടുന്ന വാഹനങ്ങളുടെ പെർമിറ്റും ഉടമസ്ഥന്റെ ലൈസൻസും റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.