11

തൃക്കാക്കര: അങ്കണവാടി മാറ്റിയതിനെച്ചൊല്ലി തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ഇന്നലെ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് കലുഷിതമായത്. നഗരസഭാ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയും ഇടതുപക്ഷ കൗൺസിലർ അഡ്വ. ലിയ തങ്കച്ചനുമായുണ്ടായ വാക്കുതർക്കം വൻ ബഹളത്തിൽ കലാശിച്ചു.

41-ാം വാർഡ് കൗൺസിലറും അങ്കണവാടി ടീച്ചറുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് വാർഡിലുണ്ടായിരുന്ന 27-ാം നമ്പർ അംഗണവാടി 36-ാം വാർഡിലേക്ക് മാറ്റിയിരുന്നു. ഇത് വീണ്ടും 41-ാം വാർഡിലേക്ക് കൊണ്ടുവന്നതാണ് തർക്കത്തിന് കാരണം. പ്രവർത്തനരഹിതമായ അങ്കണവാടിയാണ് 36-ാം വാർഡിലേക്ക് മാറ്റിയതെന്ന് വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ ചെയർപേഴ്സൻ അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ പിരിച്ചുവിട്ടു.

കഴിഞ്ഞ ഓൺലൈൻ കൗൺസിൽ യോഗത്തിൽ സമയക്കുറവുമൂലം ചർച്ചചെയ്യാത്ത അജൻഡകൾ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ ജിജോ ചിങ്ങംതറ രംഗത്തെത്തി. ഇതിന് പിന്തുണയുമായി പി.സി. മനൂപ്,​ കെ.എൻ. ജയകുമാരി, അജുന ഹാഷിം, റസിയ നിഷാദ് എന്നിവർ എണീറ്റു. വിയോജനക്കുറുപ്പ് നൽകിയ വിഷയത്തിൽ വീണ്ടും ചർച്ചവേണ്ടെന്ന് യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു. ലൈസൻസുളള വഴിയോരക്കച്ചവടക്കാരുടെ കടകൾ പൊളിച്ചുനീക്കിയത് ശരിയല്ലെന്നും വിഷയം കൗൺസിൽ പ്രത്യേകം ചർച്ച ചെയ്യണമെന്നും എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്സൺ ആവശ്യപ്പെട്ടു.