നെടുമ്പാശേരി: അത്താണി - ചെങ്ങമനാട് റോഡിലെ ഗ്യാസ് ഗോഡൗൺ വളവ് സ്ഥലം ഏറ്റെടുത്ത് നിവർത്തുന്നതിനായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അൻവർ സാദത്ത് എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിന് പരാതി നൽകി.

കഴിഞ്ഞ ബഡ്ജറ്റിൽ പണം അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും അലൈൻമെന്റ് ഡിസൈൻ തയ്യാറാക്കുകയോ സാങ്കേതിക അനുമതിനേടി സ്ഥലമേറ്റെടുത്ത് പദ്ധതി നടപ്പിലാക്കുവാനുള്ള യാതൊരു നടപടികളും പി.ഡബ്ള ്യു.ഡി റോഡ്‌സ് വിഭാഗവും ഡിസൈൻ വിഭാഗവും സ്വീകരിച്ചിട്ടില്ലെന്ന് എം.എൽ.എ ആരോപിച്ചു.

നിരവധി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന ഈ വളവ് നിവർത്തുന്നതിനായി എം.എൽ.എയുടെ നിരന്തരശ്രമഫലമായാണ് ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗവും ഡിസൈൻ വിഭാഗവും പരസ്പരം പഴിചാരി പദ്ധതി വൈകിപ്പിക്കുകയാണ്. ഇതിലൂടെ ഇനിയും ഉണ്ടാകുന്ന അപകടങ്ങൾക്കും ജീവഹാനിക്കും സർക്കാരും പൊതുമരാമത്ത് വകുപ്പും മാത്രമായിരിക്കും ഉത്തരവാദികളെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.