
കൊച്ചി: യാത്രക്കാരുടെ രേഖകൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു. കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. കള്ളക്കടത്തിന് കൂട്ടുനിന്നതിനും അഴിമതിക്കും കുറ്റം ചുമത്തപ്പെട്ട ലൂക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2019ൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസൻ, ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികൾ.
തിരുവനന്തപുരം വിമാനത്താവളത്തിലെ സൂപ്രണ്ടായിരുന്നു ലൂക്ക് കെ. ജോർജ് 13,000 ത്തോളം പേരുടെ പാസ്പോർട്ട് വിവരങ്ങൾ പ്ളസ് മാക്സിന് കൈമാറി ആറു കോടി രൂപ വിലമതിക്കുന്ന വിദേശമദ്യം പുറത്തുകടത്തി.
ഇതിന് പ്രതിഫലമായി ലൂക്ക് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരുന്നു. കുട്ടികളായ യാത്രക്കാരുടെ പാസ്പോർട്ടിന്റെ പേരിലും മദ്യം കടത്തി.
സി.ബി.ഐ അറസ്റ്റു ചെയ്തെങ്കിലും ഉന്നതങ്ങളിൽ പിടിപാടുള്ളതിനാൽ ലൂക്കിനെതിരെ കസ്റ്റംസ് വകുപ്പുതല നടപടി സ്വീകരിക്കാതെ ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ടായി തുടർന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ പുതിയ കമ്മിഷണറായി നിയമിതനായ രജേന്ദ്രകുമാർ കർശനനിലപാട് സ്വീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കസ്റ്റംസിലെ ഒരു സൂപ്രണ്ടിനെ പ്രിവന്റീവ് വിഭാഗം അറസ്റ്റു ചെയ്യുന്നതും ആദ്യമാണ്. കള്ളക്കടത്തിന് കൂട്ടുനിന്ന ഫ്രാൻസിസ് എന്ന ഹവിൽദാറെ ഏതാനും മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു.