
കൊച്ചി: കൊച്ചിയിൽ യുവനടി അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചാണ്ട്. പ്രത്യേക കോടതിയിൽ വിചാരണ അവസാനഘട്ടത്തിൽ നിൽക്കെ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടത്തലിൽ കേസിൽ തുടരന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. 2017 ഫെബ്രുവരി 17ന് രാത്രിയിലാണ് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി റോഡിൽ ഉപേക്ഷിച്ചത്. മുഖ്യപ്രതി പൾസർ സുനി ജയിലിലാണ്. ആസൂത്രകൻ എന്നാരോപിക്കപ്പെട്ട നടൻ ദിലീപും 85 ദിവസം ജയിലിലായിരുന്നു. 2017 ജൂലായ് 10നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ആക്രമണത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് കണ്ടെത്തൽ. അതിനിടെ പൾസർ സുനിയുടെ തുറന്നുപറച്ചിലും അമ്മ ശോഭയുടെ വെളിപ്പെടുത്തലും കേസിന്റെ ഗതി മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപുൾപ്പെടെ ആറ് പേർക്കെതിരെ മറ്റൊരു കേസെടുത്തെങ്കിലും കോടതിക്ക് മുന്നിലെത്തിയ തെളിവുകളിൽ ക്രൈംബ്രാഞ്ചിന് പിഴച്ചു. വധഗൂഢാലോചനക്കേസിൽ ദിലീപിനെയും മറ്റ് പ്രതികളെയും 33 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെയടക്കം 6 ഫോണുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാണ്. അതേസമയം സുപ്രീംകോടതിയെ സമീപിച്ചും രാഷ്ട്രപതിക്ക് കത്തെഴുതിയും നീതിക്കായി പോരാടുകയാണ് ഇര.
50 ലക്ഷത്തിന്റെ ക്വട്ടേഷൻ
പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽ കുമാറാണ് (പൾസർ സുനി) 50 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷനെടുത്തത്. കീഴടങ്ങാനെത്തിയ പൾസർ സുനിയെയും തലശേരി സ്വദേശി വിജീഷിനെയും കോടതി മുറിയിൽനിന്നാണ് നാടകീയമായി അറസ്റ്റ് ചെയ്തത്. ദിലീപ് എട്ടാം പ്രതിയാണ്. ആകെ 14 പ്രതികൾ.
ക്വട്ടേഷനാണ്, സഹകരിക്കണം
ഡബ്ബിംഗിനായി തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടെ നെടുമ്പാശേരി അത്താണിയിൽ നിന്നാണ് നടിയെ തട്ടിക്കൊണ്ടുപോയത്. ഡ്രൈവർ മാർട്ടിന്റെ ഒത്താശയോടെ കാറിൽ വച്ച് ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി. 'ക്വട്ടേഷനാണ്, ഞങ്ങളോട് സഹകരിക്കണം, ചിരിച്ച മുഖം വേണം" എന്നെല്ലാം സുനി നടിയോട് ആവശ്യപ്പെട്ടു.
ഫോൺ കാണാമറയത്ത്
ദൃശ്യം പകർത്തിയ ഫോൺ ഓടയിൽ കളഞ്ഞെന്ന സുനിയുടെ മൊഴിയെ തുടർന്ന് തെരച്ചിൽ നടത്തിയിട്ടും കണ്ടുകിട്ടിയില്ല. ഫോൺ വക്കീലിനെ ഏൽപ്പിച്ചെന്ന് സുനി മൊഴി തിരുത്തി. എന്നാൽ ഫോൺ നശിപ്പിച്ചെന്നാണ് അഭിഭാഷകന്റെ മൊഴി. ഫോൺ കണ്ടുകിട്ടാത്തത് കേസിൽ തിരിച്ചടിയായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തായെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്.