
കൊച്ചി: ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ അർഹതപ്പെട്ട പെൻഷനുകൾ ലഭിക്കാൻ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഈവർഷം മുതൽ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. കാൻസർ, ക്ഷയം, കുഷ്‌ഠം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്കാണ് പെൻഷൻ ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, ആറു മാസത്തിനുള്ളിൽ ലഭ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്‌ബുക്ക് തുടങ്ങിയ രേഖകളാണ് നൽകേണ്ടത്
കാൻസർ പെൻഷൻ
നിർദ്ധനരായ കാൻസർ രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകാനുള്ള സർക്കാർ പദ്ധതിയാണിത്. നേരത്തെ 1000 രൂപയായിരുന്നത് 1,600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. പെൻഷൻ പുതുക്കുന്നതിനുള്ള അപേക്ഷ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം എല്ലാ വർഷവും വില്ലേജ് ഓഫീസിലാണ് മുമ്പ് നൽകേണ്ടിയിരുന്നത്.
കാൻസർ രോഗിക്കുള്ള മറ്റ് പദ്ധതികൾ
നീണ്ടുനിൽക്കുന്ന ചികിത്സയും ഭാരിച്ച ചെലവും കാൻസർ രോഗികളുള്ള കുടുംബങ്ങളെ അടിപറ്റിക്കും. പത്തുവർഷം മുമ്പുവരെ ചികിത്സയ്ക്കുള്ള ധനസഹായം പരിമിതമായിരുന്നു. ചികിത്സ ഇടയ്ക്കുവച്ച് നിറുത്തുകയോ ചികിത്സയ്ക്കായി കിടപ്പാടം വില്ക്കുകയോ ചെയ്യുന്നവർ ഏറെയുണ്ടായി. എന്നാൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ കാൻസർ രോഗികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുകയും ചികിത്സാചെലവ് കുറയ്ക്കാനായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തതോടെ സ്ഥിതിഗതികളിൽ ഏറെ മാറ്റം വന്നിട്ടുണ്ട്.
കാൻസർ സുരക്ഷാപദ്ധതി
പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി കാൻസർ ചികിത്സ നൽകുന്നതിനുള്ള പദ്ധതി. ചികിത്സ തുടരുന്നതിനിടയിൽ 18 വയസ് പൂർത്തിയാവുകയാണെങ്കിൽ പദ്ധതിയുടെ സഹായം പരമാവധി 19 വയസുവരെ ലഭിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം പ്രത്യേക അപേക്ഷാഫോറത്തിൽ വില്ലേജ് ഓഫീസ് മുഖേന അപേക്ഷ സമർപ്പിക്കാം. സഹായധനം രോഗിക്ക് നേരിട്ട് നൽകും.
പട്ടികവർഗ വിഭാഗത്തിനുള്ള സൗജന്യചികിത്സ
പട്ടികവർഗത്തിൽ പെട്ട കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറിൽ നിന്നോ വില്ലേജ് ഓഫീസറിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. ചികിത്സിക്കുന്ന ആശുപത്രിയിലാണ് ഈ തുക എത്തുന്നത്. കൂടുതൽ വിവരങ്ങൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്ന് ലഭിക്കും.