
കൊച്ചി: തിരുവനന്തപുരം, കരമനയിൽ ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി പൊലീസ് കസ്റ്റഡിയിൽ നിന്ന് അഭിഭാഷകൻ മോചിപ്പിച്ചെന്ന് പരാതി. തൈക്കാട് മേലാറന്നൂർ പുണർതം വീട്ടിൽ പ്രശാന്ത് കുമാറിനെയാണ് വ്യാജരേഖ ഹാജരാക്കി അഡ്വ. ഷാനു മോചിപ്പിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റേറ്റ് അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി. നാരായണനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി.
പ്രശാന്ത്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ജനുവരി 21ന് പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് സർക്കാരിന്റെ വിശദീകരണം തേടി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ വെബ്സൈറ്റിൽ കേസുകളുടെ വിവരങ്ങളുൾപ്പെട്ട പേജിൽ ഇതു രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പകർപ്പെടുത്ത്, 'വിശദീകരണം തേടി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി"യെന്ന ഭാഗത്ത് 'അതുവരെ പ്രതിക്കെതിരെ നടപടി പാടില്ല" എന്നു കൂട്ടിച്ചേർത്താണ് സ്റ്റേഷനിൽ ഹാജരാക്കിയത്.
ഹൈക്കോടതി ഫെബ്രുവരി രണ്ടിനു പരിഗണിക്കാൻ മാറ്റിയെങ്കിലും പിന്നീട് കോടതിയിൽ കേസ് വന്നിരുന്നില്ല. അതിനിടെ ഫെബ്രുവരി 12ന് ഉച്ചയോടെ പ്രശാന്തിനെ പൊലീസ് പിടികൂടി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അഡ്വ. ഷാനു സ്റ്റേഷനിലെത്തി വ്യാജരേഖയുടെ പകർപ്പ് നൽകി. തുടർന്ന് പ്രശാന്തിനെ പൊലീസ് മോചിപ്പിച്ചു.
പിന്നീട് അന്വേഷിച്ചപ്പോഴാണ് പ്രതിക്കെതിരായ നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ വീണ്ടും പിടികൂടി.