കൊച്ചി: 35 വർഷം കൈവശം വച്ചിരുന്ന സംസ്ഥാന ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (സുരഭി) ഭരണം യു.ഡി.എഫിന് നഷ്ടമായി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറിവിജയം നേടി.
പതിനഞ്ചംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ പാനലിലെ പ്രസിഡന്റായി വി.എസ്. സുലോചനൻ (തിരുവനന്തപുരം), വൈസ് പ്രസിഡന്റായി പി.ജി. തങ്കമ്മ (കോട്ടയം) എന്നിവർ വിജയിച്ചു. ഇന്ത്യയിലെമ്പാടും ശാഖകളുള്ള സുരഭി 1964 മുതൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുകയാണ്. രാജ്യത്തെ മികച്ച അപ്പെക്സ് സഹകരണസംഘവും സംസ്ഥാനത്തെ കരകൗശല കലാകാരന്മാരുടെ സംഘടനകളുടെ കേന്ദ്രസമിതിയുമാണ് സുരഭി.
35 വർഷത്തെ യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഭരണം നഷ്ടമാകാൻ കാരണമായതെന്ന് പുതിയ ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. കരകൗശലമേഖലയുടെ തകർച്ചയ്ക്കും സ്തംഭനത്തിനും ഉത്തരവാദികൾ യു.ഡി.എഫ് ഭരണസമിതിയാണെന്നും അവർ ആരോപിച്ചു.