
കൊച്ചി: തൊഴിൽനഷ്‌ടപ്പെട്ട് മടങ്ങിവന്നതും സാമ്പത്തികമായി പിന്നാക്കവുമായ പ്രവാസികളുടെ മക്കൾക്കുള്ള നോർക്ക റൂട്ട്‌സ് ഡയറക്‌ടേഴ്‌സ് വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി കഴിഞ്ഞ നാലുദിവസത്തിനിടെ അപേക്ഷിച്ചത് ആയിരത്തിലേറെപ്പേർ. അപേക്ഷിക്കേണ്ട അവസാനതീയതി ഈമാസം 26.
നടപ്പുവർഷം 325 പേർക്കാണ് സ്കോളർഷിപ്പ് നൽകുക. ഇതിനായി 65 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. 50 ലക്ഷംരൂപ നോർക്ക റൂട്ട്‌സ് ഡയറക്‌ടേഴ്സും 15 ലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും. കഴിഞ്ഞവർഷം 97 പേർക്കായിരുന്നു സ്കോളർഷിപ്പ്. കൊവിഡിൽ തൊഴിൽനഷ്‌ടമായ പ്രവാസികളുടെ എണ്ണം വർദ്ധിച്ചതിനാലാണ് ഇക്കുറി സ്കോളർഷിപ്പുകൾ കൂട്ടിയത്. 2019-20ലാണ് സ്കോളർഷിപ്പിന്റെ തുടക്കം. ആവർഷം 220 പേർ അർഹരായി.
ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ടവരുടെയും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടുവിഭാഗങ്ങളിലും കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. വാർഷികവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്.
സ്‌കോളർഷിപ്പ് 20,000 രൂപ
ഒറ്റത്തവണ സ്കോളർഷിപ്പാണിത്. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് സഹായം ലഭിക്കും. അന്യസംസ്ഥാന യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ പ്ളസ്ടു കേരളത്തിൽ നിന്ന് പാസായിരിക്കണം.
അപേക്ഷകർ യോഗ്യതാപരീക്ഷ കുറഞ്ഞത് 60 ശതമാനം മാർക്കോടെ വിജയിച്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കോ പ്രൊഫഷണൽ കോഴ്‌സുകൾക്കോ 2021-22 അദ്ധ്യയനവർഷം പ്രവേശനം നേടിയവരാകണം. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്‌സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാകണം. www.scholarship.norkaroots.orgൽ അപേക്ഷിക്കാം.