
കൊച്ചി: വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്ത്രീകൾക്കു മാത്രമായി വിനോദയാത്രകൾ ഒരുക്കുന്നു. ലോക വനിതാദിനത്തോടനുബന്ധിച്ച് 'വനിതാ യാത്രാവാരം' എന്ന പേരിൽ ഒരുക്കുന്ന പദ്ധതി മാർച്ച് എട്ട് മുതൽ 13വരെയാണ്.
ബുക്കിംഗ് ആരംഭിച്ചു. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിനോദയാത്രകൾ ക്രമീകരിച്ച് നൽകും. വ്യക്തിഗത ട്രിപ്പുകളുമുണ്ട്.
ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും ജില്ലകൾക്കുള്ളിലും യാത്രകൾ ഒരുക്കും. ഭക്ഷണം ഉൾപ്പെട്ടതും ഇല്ലാത്തതുമായ പാക്കേജുകളുണ്ട്. ആളൊന്നിന് ആയിരത്തിൽ താഴെ രൂപ വരുന്നതാണ് മിക്ക പാക്കേജുകളും. ദൂരക്കൂടുതൽ, ഭക്ഷണം എന്നിവ വരുമ്പോൾ തുക മാറും.
താമസിക്കാം, മൂന്നാറിൽ
ഏകദിന യാത്രകളായിരിക്കും കൂടുതലെങ്കിലും ദ്വിദിന, ത്രിദിന യാത്രകൾക്കും ആലോചനയുണ്ട്. യാത്രക്കാർക്ക് നിലവിൽ താമസസൗകര്യമുള്ളത് മൂന്നാറിൽ മാത്രം. കെ.എസ്.ആർ.ടി.സി ബസുകളിലൊരുക്കിയ സേഫ് സ്റ്റേ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. ആവശ്യക്കാർ കൂടുതലെങ്കിൽ മൂന്നാറിലേക്ക് ഒന്നിലേറെ ദിവസത്തെ ട്രിപ്പ് സംഘടിപ്പിക്കും.
സ്‌പോൺസറെ തേടുന്നു
വനിതകളുടെ വിനോദയാത്രാ പരിപാടിക്ക് സ്‌പോൺസർമാരെയും തേടുന്നുണ്ട്. സ്‌പോൺസർമാരെ ലഭിച്ചാൽ യാത്രക്കാർക്ക് ഇളവുകൾ നൽകും. സ്‌പോൺസർമാരുണ്ടെങ്കിൽ ശരണാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികൾക്ക് സൗജന്യ വിനോദയാത്ര അനുവദിക്കാൻ പദ്ധതിയുണ്ട്.
50 കേന്ദ്രങ്ങൾ
50ലേറെ ഇടങ്ങളിലേക്കാണ് വിനോദയാത്രകൾ തീരുമാനിച്ചിരിക്കുന്നത്. മലപ്പുറം-മൂന്നാർ, മലപ്പുറം-കക്കയംഡാം, നിലമ്പൂർ-വയനാട്, നിലമ്പൂർ-മൂന്നാർ, തൃശ്ശൂർ-സാഗരറാണി, ഇരിങ്ങാലക്കുട-നെല്ലിയാമ്പതി, ആലപ്പുഴ-വാഗമൺ-പരുന്തുംപാറ, മാവേലിക്കര-മൂന്നാർ, തിരുവല്ല-മലക്കപ്പാറ, കുളത്തുപ്പുഴ-വാഗമൺ-പരുന്തുംപാറ, കോട്ടയം-വാഗമൺ-പരുന്തുംപാറ, പാലക്കാട് -നെല്ലിയാമ്പതി, കോതമംഗലം-മൂന്നാർ (വനയാത്ര) തുടങ്ങിയവയാണ് പ്രധാന റൂട്ടുകൾ.
50പേർ
(ഒരു ബസിൽ)
സ്റ്റാഫ്- ഒന്നോ രണ്ടോ ഡ്രൈവർ, ഒരു കണ്ടക്ടർ
മൂന്നാറിലെ സ്റ്റേ- 7 ബസുകളിൽ
(ഒരു ബസിലെ ബെഡ്ഡുകൾ)
(ആകെ ബെഡ്ഡുകൾ)
വിനോദസഞ്ചാരത്തെയും കെ.എസ്.ആർ.ടി.സി ബസ് യാത്രയെയും കൂടുതൽ ആകർഷകമാക്കുകയാണ് ലക്ഷ്യം. സ്ത്രീകൾക്ക് മാനസികോല്ലാസത്തിന് കുറഞ്ഞനിരക്കിൽ വഴിയൊരുക്കുകയും ചെയ്യും. പല പദ്ധതികളും ആലോചനയിലുണ്ട്.
ആന്റണി രാജു,
ഗതാഗത മന്ത്രി