വൈപ്പിൻ : ചെറായി കരുത്തല മാർക്കറ്റിന് സമീപം മദ്യവില്പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തം. വൈപ്പിൻ- പള്ളിപ്പുറം സംസ്ഥാനപാതയിൽ ചെറായി കരുത്തലപ്പാലം തെക്കേ ഇറക്കത്തിന് അരികിലാണ് പുതിയ റീട്ടെയിൽഷാപ്പ് തുടങ്ങാൻ ബിവറേജ്‌സ് കോർപറേഷൻ നീക്കം നടത്തുന്നത്. നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം സ്ഥലത്ത് എക്‌സൈസ് പരിശോധനയ്ക്കെത്തിയിരുന്നു. വിവരമറിഞ്ഞ് വീട്ടമ്മമാരടക്കം പ്രദേശവാസികൾ പ്രതിഷേധവുമായെത്തി.
മുമ്പ് ചെറായി ദേവസ്വം നടയിൽ ടെലിഫോൺ എക്‌സേഞ്ചിന് സമീപം ബിവറേജസിന്റെ റീട്ടെയിൽ ഷോപ്പ് പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളുടേയും സമീപത്തെ സഹകരണബാങ്കിന്റെയും പ്രതിഷേധത്തെത്തുടർന്ന് ഷോപ്പ് പ്രവർത്തനം നിർത്തിവെച്ചു. കുറച്ചുനാളുകൾക്കുശേഷം ഈ മദ്യവില്പനശാല ചെറായി ബീച്ചിൽ തുടങ്ങി. അവിടെയും പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തി. ഈ ഔട്ട്‌ലെറ്റാണ് ഇപ്പോൾ ചെറായി കരുത്തലയിൽ തുറക്കാനൊരുങ്ങുന്നത്.
ഇവിടെ മദ്യവില്പനശാല വരുന്നതിനെതിരെ പല സംഘടനകളും വ്യക്തികളും പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന് പരാതി നൽകിയിരുന്നു. പരാതികൾ എക്‌സൈസ് ഡിപ്പാർട്ടുമെന്റിനും ബന്ധപ്പെട്ട മറ്റു വകുപ്പുകൾക്കും കൈമാറിയിട്ടുണ്ടെന്നും ഔട്ട്‌ലെറ്റ് തുടങ്ങുന്നതിന് പഞ്ചായത്തിന്റെ എൻ.ഒ.സി ആവ്യമില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
പുതിയ മദ്യവില്പനശാല തുടങ്ങുന്ന കെട്ടിടം എസ്.എൻ.ഡി.പി യോഗം ചെറായി സെൻട്രൽ ശാഖ വക ഗുരുമന്ദിരത്തിനും ഗൗരീശ്വരക്ഷേത്രം വടക്കേചേരുവാരം ഓഫീസ് മന്ദിരത്തിനും മുന്നിലാണ്. പ്രാർത്ഥനായോഗങ്ങളും കുടുംബയോഗങ്ങളും നടത്താറുള്ള ഗുരുമന്ദിരത്തിന് മുന്നിൽ മദ്യവില്പനശാല തുറക്കാനുള്ള നീക്കം അപലനീയമാണെന്നും നീക്കത്തെ ശക്തമായി എതിർക്കുമെന്നും എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയനും സെക്രട്ടറി ടി.ബി. ജോഷിയും വ്യക്തമാക്കി. പ്രധാന വ്യാപാരകേന്ദ്രങ്ങളും റേഷൻകടകളും പച്ചക്കറി, മത്സ്യ, മാംസ വില്പനശാലകളും ബസ് സ്റ്റോപ്പുമുള്ള കരുത്തല ജനബാഹുല്യത്താൽ തിങ്ങിനിറഞ്ഞതാണ്. ഇവിടേയ്ക്ക് മദ്യവില്പനശാല കൊണ്ടുവരുന്നത് പ്രതിഷേധാർഹമാണെന്ന് ആർ.എസ്.പി വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ് ബാബുവും പ്രതികരണവേദി ചെയർമാൻ ശിവദാസും വ്യക്തമാക്കി.