പറവൂർ: വടക്കേക്കര വില്ലേജ് ഓഫീസിൽ അടിയന്തരമായി ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. ഒരു മാസമായി വില്ലേജ് ഓഫീസർ അവധിയിലാണ്. ചുമതലയുള്ള മൂത്തകുന്നം വില്ലേജ് ഓഫീസർ കുറച്ചു സമയങ്ങളിൽ വടക്കേക്കരയിൽ ഉണ്ടെങ്കിലും ഓഫീസിന്റെ പ്രവർത്തനത്തിൽ പ്രതിസന്ധിയുണ്ട്. വടക്കേക്കര വില്ലേജ് ഓഫീസറുടെ അവധി 19ന് അവസാനിക്കും. ഇവർക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റവുമായി. വടക്കേക്കരയിൽ പുതിയ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ചിട്ടുമില്ല. ജനസാന്ദ്രത ഏറെയുള്ള പ്രദേശമാണ് വടക്കേക്കര. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമുള്ള ഒരുപാട് കാര്യങ്ങൾ ഉള്ളതിനാൽ എത്രയുംവേഗം വില്ലേജ് ഓഫിസറെ നിയമിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ ആവശ്യപ്പെട്ടു.