കൊച്ചി: ഷൺമുഖം റോഡ്, മാർക്കറ്റ് റോഡ്, ബ്രോഡ് വേ തുടങ്ങിയ തിരക്കേറിയ വ്യാപാരമേഖലകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനങ്ങൾക്ക് മെട്രോ പ്രയോജനപ്പെടുന്നില്ലെന്ന് കേരള മർച്ചൻസ് ചേമ്പർ ഒഫ് കൊമേഴ്സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാരവാഹികൾ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റയെ കണ്ട് നിവേദനം നൽകി. എം.ജി റോഡിൽ നിന്ന് വിവിധ ബോട്ടുജെട്ടികൾ, കൊച്ചി കോർപറേഷൻ, കോളേജുകൾ, ഹൈക്കോടതി തുടങ്ങി വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് എത്താൻ മറ്റ് വാഹനങ്ങളെ ആശ്രയിക്കണം. ഇതുപരിഹരിക്കാൻ മെട്രോ സർവീസിനോട് അനുബന്ധിച്ച് സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഫീഡർ സർവീസുകൾ ആരംഭിക്കണം. ഇത് എം.ജി റോഡിലുള്ള രണ്ട് മെട്രോ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്കും ഗുണകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.