df

 നഗരത്തെ ഉണർത്താൻ ഐ.ടി മേഖല

കൊച്ചി: രാവിനെ പകലാക്കിയും ജോലിയെ ആഘോഷമാക്കിയും നഗരജീവിതം കൊഴുപ്പിക്കുന്ന കാലത്തിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങി ഐ.ടി മേഖല. കൊവിഡ് വ്യാപനഭീതി അകലുകയും വർക്ക് ഫ്രം ഹോം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെ ഐ.ടി പാർക്കുകൾ വീണ്ടും സജീവമാകും. ആയിരങ്ങൾ സ്ഥാപനങ്ങളിലേയ്ക്ക് ജോലിക്ക് തിരിച്ചെത്തുന്നതോടെ കൊച്ചി നഗരം സജീവമാകും. സർക്കാർ, സ്വകാര്യ മേഖലകളിൽ ഹോം വർക്ക് ചെയ്യുന്നതിന് അനുമതി നൽകിയിരുന്ന ഉത്തരവാണ് ഇന്നലെ സർക്കാർ റദ്ദാക്കിയത്. ഇനി പഴയതുപോലെ ഓഫീസുകളിലെത്തി ജോലി ചെയ്യണം. അരലക്ഷത്തിലേറെ ടെക്കികൾ 24 മണിക്കൂറും ജോലി ചെയ്തിരുന്ന ഇൻഫോപാർക്ക്, സ്‌മാർട്ട്സിറ്റി എന്നിവയുൾപ്പെട്ട കാക്കനാട് മേഖല മൂന്നു വർഷത്തോളമായി നിശ്ചലമാണ്. ജോലിക്ക് ഹാജരാകുന്നത് നാമമാത്രമായ ജീവനക്കാർ. വിവിധ വിഭാഗങ്ങളിലെ മേധാവികൾ മാത്രമാണ് നേരിട്ടെത്തുന്നത്. ബാക്കിയുള്ളവർ വീടുകളിൽ നിന്നാണ് ജോലി തുടരുന്നത്.

 ഉണർത്താൻ പാർക്ക് അധികൃതർ

പരമാവധി ജീവനക്കാരെ പാർക്കുകളിലേയ്ക്ക് തിരികെ കൊണ്ടുവരാൻ പാർക്ക് അധികൃതർ ശ്രമിച്ചെങ്കിലും റിസ്ക് എടുക്കേണ്ടെന്ന നിലപാടിലായിരുന്നു കമ്പനികൾ. പുതുതായി നിയമിക്കപ്പെട്ടവരാണ് കൂടുതലും നേരിട്ട് ജോലിക്കെത്തിയിരുന്നത്. മുഴുവൻ പേർക്കും വാക്സിൻ നൽകിയതിനാൽ ചെറിയ കൂട്ടായ്‌മകൾക്ക് അനുമതി നൽകിയെങ്കിലും മൂന്നാം തരംഗം ശക്തമാകുമെന്ന ഭീതിയിൽ വർക്ക് ഫ്രം ഹോമിനാണ് മുൻഗണന നൽകിയത്.

ഇൻഫോപാർക്കിന് പുറമെ സ്‌മാർട്ട് സിറ്റി, സ്വകാര്യ മന്ദിരങ്ങൾ, പ്രത്യേക സാമ്പത്തികമേഖല എന്നിവയിലും ഐ.‌ടി സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ 20 ശതമാനംത്തിൽ താഴെ മാത്രമാണ് നേരിട്ടെത്തി ജോലി ചെയ്യുന്നത്.

ജില്ലാ ആസ്ഥാനത്തെ സജീവമാക്കിയിരുന്നത് ഐ.ടി ജീവനക്കാരാണ്. മൂന്നു ഷിഫ്റ്റുകളിൽ ആയിരങ്ങളാണ് വന്നുപോയിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി മറ്റു നഗരങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും നൂറുകണക്കിനുപേർ ദിവസവും ഇൻഫോപാർക്ക് മേഖലയിൽ എത്തിയിരുന്നു.

 രാത്രിയും പകലായ നാളുകൾ

മൂന്നു ഷിഫ്റ്റുകൾ പ്രവർത്തിച്ചിരുന്നപ്പോൾ പകൽപോലെ രാത്രിജീവിതവും സജീവമായിരുന്നു. രാത്രികാലങ്ങളിൽ നിരവധി ഹോട്ടലുകളും സൂപ്പർ മാർക്കറ്റുകളും പ്രവർത്തിച്ചിരുന്നു. പാലാരിവട്ടം -കാക്കനാട് റോഡിലായിരുന്നു ഇവയിലേറെയും പ്രവർത്തിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ ടെക്കികളുടെ വരവ് കുറഞ്ഞതോടെ സ്ഥാപനങ്ങളും നിലച്ചു. വിവിധ മേഖലകളിൽ ടെക്കികൾ പണം ചെലവഴിക്കുന്നത് സാമ്പത്തികചംക്രമണത്തിനും വഴിയൊരുക്കിയിരുന്നു.

സ്ഥാപനങ്ങളിൽ ജീവനക്കാരെ എത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ അനുബന്ധ തൊഴിലുകളും നിലച്ചിരുന്നു. കരാർ വ്യവസ്ഥയിൽ നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം ഇൻഫോർപാർക്കിലേക്ക് സർവീസ് നടത്തിയിരുന്നു. ഓട്ടോറിക്ഷകൾ ഉൾപ്പെടെ ഓടിയിരുന്നു. ഇൻഫോപാർക്ക് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് വരെ ഇല്ലാതായ കാലമാണ് പിന്നിടുന്നത്.

 കൂട്ടായ്‌മകൾക്ക് വിലക്കുള്ളതും രോഗം പടർന്നാൽ സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുമെന്നതുമായിരുന്നു മൂന്നാംതരംഗത്തിലെ ആശങ്ക.

ജോൺ എം. തോമസ്

ഐ.ടി പാർക്കുകളുടെ സി.ഇ.ഒ

 ഇൻഫോപാർക്ക്

കമ്പനികൾ 415

ജീവനക്കാർ 51,000

2020-21 ലെ കയറ്റുമതി 6310 കോടി രൂപ