karimb
വഴിയരികിലെ കരിമ്പ് ജ്യൂസ് വില്പന കേന്ദ്രം

കോലഞ്ചേരി: വേനൽ കടുത്തതോടെ ദാഹമക​റ്റാൻ നാടെങ്ങും അനധികൃത ഭക്ഷണവില്പനശാലകളും ലഘുപാനീയ വില്പന കേന്ദ്രങ്ങളും സജീവമായി. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്പ് ജ്യൂസ്, കുലുക്കി സർബത്ത്, പച്ചമോര് വില്പന കേന്ദ്രങ്ങളാണ് കൂടുതലായി തുറക്കുന്നത്. റോഡിൽ നിന്നുയരുന്ന പൊടിയടിച്ചാണ് കരിമ്പു ജ്യൂസ് വില്പനകേന്ദ്രങ്ങളിൽ പലേടത്തും ജ്യൂസ് തയ്യാറാക്കുന്നത്. ജ്യൂസ് അടിക്കാനായി തയ്യാറാക്കുന്ന കരിമ്പ് സൂക്ഷിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണ്. ദേശീയപാതയോരങ്ങളിലും പ്രധാന റോഡുകളിലുമാണ് അനധികൃത ജ്യൂസ് വില്പനശാലകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത്. ഉന്തുവണ്ടികളിൽ പ്രവർത്തിക്കുന്നവയാണ് മിക്ക കടകളും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മിക്ക കടകളും നടത്തുന്നത്. ലഘുഭക്ഷണവും ചായയുമാണ് പ്രധാനകച്ചവടം. പ്രവർത്തിക്കുന്നിടത്തുതന്നെ പലഹാരങ്ങൾ ഉണ്ടാക്കുന്ന
കേന്ദ്രങ്ങളാണ് മിക്കതും.

വിലകുറഞ്ഞതും ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നതുമായ എണ്ണയിലാണ് ഇത്തരം പലഹാരം വറുത്തെടുക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കൃത്രിമകളറുകളും, ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളും ചേർത്ത് വിവിധ പേരിൽ കുലുക്കി സർബത്തുകളുമെത്തുന്നുണ്ട്. ഐസാണ് പ്രധാന ചേരുവ, മിക്കയിടങ്ങളിലും ഐസ് സൂക്ഷിക്കുന്നത് ഉപയോഗ ശൂന്യമായ ഫ്രിഡ്ജുകളിലാണ്. തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഉപയോഗവും. നാടൻ മോര് നല്ല ദാഹശമിനിയാണ് എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളിൽ മോരെത്തിച്ച് വില്പന നടത്തുന്ന കേന്ദ്രങ്ങളാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

 രജിസ്ട്രേഷൻ നിർബന്ധം: പക്ഷേ...

ഭക്ഷണവില്പനശാലകൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇത്തരം കേന്ദ്രങ്ങളിൽ പലതിനും രജിസ്‌ട്രേഷനില്ല. ഗുണനിലവാര നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിവിധതരം ബജികൾ, വടകൾ, പഴംപൊരി, ഇടിയപ്പം, ചപ്പാത്തി, അപ്പം, ദോശ തുടങ്ങിയവയാണ് ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്നത്. അതിരാവിലെ ഇരുചക്രവാഹനങ്ങളിൽ ഇവ ഹോട്ടലുകളിലുൾപ്പെടെ ഇവർ എത്തിക്കും. കടകളിൽ വിൽകുന്നതിനേക്കാൾ രണ്ടുരൂപ കുറച്ചാണ് വിതരണം. ഉണ്ടാക്കാനുള്ള ക്ളേശമൊഴിവാകുന്നതിനാലും നല്ലലാഭവും കണക്കിലെടുത്ത് പല ഹോട്ടലുകളിലും ചായക്കടകളിലും ഈ പലഹാരങ്ങൾ വാങ്ങിവെച്ച് വില്പന നടത്തുന്നുണ്ട്. ഗുണനിലവാരമില്ലാത്ത എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങളും ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കളും ഗുരുതര രോഗങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികാരികൾ മുന്നറിയിപ്പ് നൽകുന്നു.