മൂവാറ്റുപുഴ: മൂവാറ്റുപുഴ- കൂത്താട്ടുകുളം ലിങ്ക് റോഡ് നവീകരണത്തിന് 450.33 കോടി രൂപ അനുവദിച്ചു. കിഫ് ബി ബോർഡ് യോഗമാണ് റോഡ് 20 മീറ്റർ വീതിയിൽ നിർമിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. മുൻ എം എൽ എ എൽദോ എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന വള്ളമറ്റം കുഞ്ഞ് (ആരക്കുഴ), ലത ശിവൻ (മാറാടി) , ജോഷി സ്കറിയ (പാലക്കുഴ) എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന് നിവേദനം നൽകുകയും തുടർന്ന് 2017ലെ ബഡ്ജറ്റിൽ മൂവാറ്റുപുഴ- കൂത്താട്ടുകുളം ലിങ്ക് റോഡിന് 25കോടി രൂപ പ്രഖ്യാപിച്ചിരുന്നു. സർവേ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായി വരികയായിരുന്നു. സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിടുന്നതിനാൽ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ വ്യാപകപരാതിയാണ് ഉയർന്നിരുന്നത്.
15.5 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ്
റോഡ് ബി.എം ബി.സി, നിലവാരത്തിൽ ടാർ ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ റോഡ് സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരണത്തിന് സി.ആർ.എഫ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടന്നുവരുന്നതിനിടെയാണ് വീണ്ടും തുക വകയിരുത്തിയത്. മൂവാറ്റുപുഴ നഗരസഭയിൽനിന്ന് തുടങ്ങി മാറാടി, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലൂടെ കടന്ന് കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്ന 15.5 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ജോലികൾ തുടരുകയാണ്.
മൂവാറ്റുപുഴ- കൂത്താട്ടുകുളം എം.സി.റോഡിന് സമാന്തരമാണ് കൂത്താട്ടുകുളം- മൂവാറ്റുപുഴ ലിങ്ക് റോഡ്. ഇത് യാഥാർത്ഥ്യമായാൽ മൂവാറ്റുപുഴയിൽനിന്ന് കൂത്താട്ടുകുളത്തേയ്ക്ക് രണ്ടര കിലേമീറ്റർ ദൂരം കുറയുകയും വളവുകൾ കുറവുള്ള റോഡാകുകയും ചെയ്യും. ഇതിനുപുറമേ എം.സി.റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമാകും. എം.സി റോഡിലും തൊടുപുഴ റോഡിലും ഗതാഗതതടസമുണ്ടാകുമ്പോൾ ആരക്കുഴ, പണ്ടപ്പിള്ളി റോഡിലൂടെയാണ് മൂവാറ്റുപുഴയിൽനിന്ന് ബസുകൾ ഉൾപ്പെടെ പോകുന്നത്. കൂടാതെ പെരുമ്പല്ലൂർ, ആരക്കുഴ, പണ്ടപ്പിള്ളി, തോട്ടക്കര, അരിക്കുഴ, ചിറ്റൂർ, മണക്കാടുവഴി പോകുന്ന നിരവധി സ്വകാര്യബസുകൾ സർവീസ് നടത്തുന്നതും ഈ റോഡിലൂടെയാണ്.
പ്രത്യേക ഓഫീസ് തുറക്കണം
എറണാകുളം- തേക്കടി സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ - കൂത്താട്ടുകുളം ലിങ്ക് റോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തുന്നതിനായി പ്രത്യേക ഓഫീസ് തുറക്കണമെന്ന് എൽദോ എബ്രഹാം ആവശ്യപ്പെട്ടു.പദ്ധതി വേഗതയിലാക്കാൻ ഉന്നതതലയോഗം അടിയന്തമായി വിളിക്കണം.