df

 പിഴയിനത്തിൽ കിട്ടിയത് 6,11,500 രൂപ

തൃക്കാക്കര: റോഡിലെ അഭ്യാസ പ്രകടനങ്ങൾക്ക് തടയിടാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സൈലൻസറിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ 203 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ആർ.ടി.ഒ പി.എം ഷബീറിന്റെ നിർദേശത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. കാതടപ്പിക്കുന്ന ശബ്ദത്തിൽ പാഞ്ഞ 52 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതിന് 29 കേസുകളും ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 54 കേസുകളും ടാക്സ് അടയ്ക്കാതെ വാഹനം ഓടിച്ചതിന് 12 കേസുകളും സൺഫിലിം ഓടിച്ചതിന് 15 കേസുകളും ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 14 കേസുകളും എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് കേസുകളും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് കേസുകളും പിടികൂടി. ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് തൃപ്പുണിത്തുറയിലാണ്, 55 കേസുകൾ. അതിൽ 1,62,750 രൂപ പിഴ ഈടാക്കി. തൊട്ടുപിറകെ എറണാകുളവും അങ്കമാലിയുമാണ്,37 കേസുകൾ വീതം. പിഴ ഇനത്തിൽ എറണാകുളത്ത് 55,250 രൂപയും അങ്കമാലിയിൽ 1,69,500 രൂപയും ചുമത്തി. നോർത്ത് പറവൂരിൽ 34 കേസുകളിൽ നിന്നായി 1,03,500 രൂപ പിഴ ചുമത്തി. ആലുവയിൽ 28 കേസുകളിൽ നിന്നായി 66250 രൂപയും മട്ടാഞ്ചേരിയിൽ 13 കേസുകളിൽ നിന്നായി 54,250 രൂപയും പിഴ ഈടാക്കി. ആകെ 6,11,500 രൂപ പിഴ ഈടാക്കിയതായി അധികൃതർ പറഞ്ഞു. എറണാകുളം ആർ.ടി ഓഫിസിന് പുറമെ സബ്.ആർ.ടി.ഒ ഓഫീസുകളായ തൃപ്പുണിത്തുറ,ആലുവ,നോർത്ത് പറവൂർ,മട്ടാഞ്ചേരി,അങ്കമാലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് നേതൃത്വം നൽകി.