കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ മലയോരഹൈവേയുടെ ആദ്യറീച്ചിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് അവലോകനയോഗം ചേർന്നു. ആദ്യ റീച്ചായിട്ടുള്ള കോട്ടപ്പടി - ചേറങ്ങനാൽ മുതൽ ഊഞ്ഞാപ്പാറ - കാഞ്ഞിരംകുന്ന് വരെയുള്ള 13.7 കിലോമീറ്റർ ദൂരത്തിനായി കിഫ്ബിയിൽനിന്ന് 65.67 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചു. റോഡിന്റെ വികസനപ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ജനങ്ങളുടെകൂടി സഹകരണം അഭ്യർത്ഥിക്കുന്നതിനായാണ് ആദ്യഘട്ടമായി യോഗം ചേർന്നത്. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ്, ജോമി തെക്കേക്കര, ലിസി ജോസഫ്, ആശ അജിൻ, മലയോര ഹൈവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ.ടി. പൗലോസ്, പി.സി. ജോർജ്ജ്, എക്സിക്യുട്ടീവ് എൻജിനീയർ മിനി മാത്യു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ലക്ഷ്മി എസ്. ദേവി, എം. മുഹസീന എന്നിവർ പങ്കെടുത്തു.