തൃപ്പൂണിത്തുറ: സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. പുതിയകാവ് എം.എൽ.എ റോഡിൽ ഷിജി സുധിലാലിനാണ് പരിക്കേറ്റത്. രക്ഷപ്പെട്ട പ്രതി സതീഷും കുടുംബവും ഒളിവിലാണ്. ഇവർക്കായി ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപമുള്ള പ്രൈം സൂപ്പർമാർക്കറ്റിലാണ് സംഭവം. മറ്റൊരു സഹപ്രവർത്തകയുമായി ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് ആക്രമിക്കുകയായിരുന്നു. കടയുടമയും മറ്റ് ജീവനക്കാരും ഓടിയെത്തിയാണ് സതീഷിനെ പിടിച്ചുമാറ്റിയത്. ഇതിനിടയിൽ കടയുടമയുടെ കൈയ്ക്കും പരിക്കേറ്റു. ഭാര്യയെ അന്വേഷിച്ച് സൂപ്പർമാർക്കറ്റിലേക്ക് സതീഷ് വിളിച്ചപ്പോൾ ഷിജിയാണ് ഫോൺ എടുത്തത്. ഭാര്യ ഡേറ്റാ എൻട്രിയുടെ തിരക്കിലായതിനാൽ ഫോൺ നൽകാൻ ഷിജിക്കു കഴിഞ്ഞില്ല. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവസമയം ഡെലിവറി ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുകയായിരുന്നു ഷിജി. പെട്ടെന്നാണ് സതീഷ് 'നിന്നെ കൊല്ലുമെടീ' എന്നാക്രോശിച്ച് പാഞ്ഞെത്തിയത്. ആദ്യം കവിളത്ത് അടിച്ചു. തുടർന്ന് ഹെൽമെറ്റ് കൊണ്ട് തുടരെ തലയ്ക്കടിക്കുകയായിരുന്നു. ഓടി മാറാൻ സാധിച്ചില്ലെന്ന് ഷിജി പറഞ്ഞു. പരാതി ലഭിച്ചിട്ടും പൊലീസ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, തങ്ങൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഹിൽപാലസ് സി.ഐ കെ.ജി. അനീഷ് പറഞ്ഞു.
ഷിജിയെ കെ.ബാബു എം.എൽ.എ സന്ദർശിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലിസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു.