
കൊച്ചി: യാത്രക്കാർക്ക് വിശ്രമസൗകര്യമൊരുക്കിയും ചുമരുകളിൽ നിറക്കൂട്ടൊരുക്കിയും മുഖം മിനുക്കി മെട്രോ സ്റ്റേഷനുകൾ. അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കൽ മുതൽ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള നിരവധി പുതിയ സൗകര്യങ്ങൾ വരെ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളിൽ ഏർപ്പെടുത്തി.
ദിശാസൂചി ബോർഡുകൾ വർദ്ധിപ്പിച്ചു, സെൽഫി കോർണറുകൾ, പൊതുജനങ്ങൾക്ക് പാടാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദി എന്നിവയുമുണ്ട്. യാത്രക്കാരിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് സ്റ്റേഷനുകളുടെ മുഖംമിനുക്കൽ. അടുത്ത ഘട്ടത്തിൽ കളമശ്ശേരി, എളംകുളം, കലൂർ, മാഹരാജാസ്, വടക്കേക്കോട്ട, എസ്.എൻ. ജംഗ്ഷൻ എന്നിവിടങ്ങളിലും സമാന സൗകര്യങ്ങൾ ഏർപ്പെടുത്തും.
സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ തലോജു സായ് കൃഷ്ണ, പർദീപ് കുമാർ, മാനേജർ ആർകിടെക്റ്റ് ജിൻസൺ.കെ. കൂട്ടുങ്ങൽ, എക്സിക്യൂട്ടീവ് ആർകിടെക്റ്റ് അശ്വതി.സി എന്നിവർ മോടിപിടിപ്പിക്കലിന് നേതൃത്വം നൽകി.
കണ്ണെടുക്കില്ലീ ചുമരിൽ നിന്ന്
ഓരോ സ്റ്റേഷനിലെയും ചുമരുകളിൽ വ്യത്യസ്തമായ ആശയവും സവിശേഷതകളും ഉൾക്കൊള്ളുന്ന ചുവർചിത്രങ്ങളാണ് വരച്ചത്. എം.ജി റോഡ് സ്‌റ്റേഷൻ ചുവരുകളിൽ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമാണ്.
പുതിയ സംവിധാനങ്ങൾ
എം.ജി റോഡ്
മ്യൂസിക്കൽ സ്റ്റെയർ, ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിംഗ് സംവിധാനം, കുട്ടികൾക്കുള്ള ഗെയിമിംഗ് സോൺ, കൊച്ചി മെട്രോയുടെ വളർച്ചയും വികാസവും വിവരിക്കുന്ന ചെറുമ്യൂസിയം.
കടവന്ത്ര
സൗജന്യമായി പുസ്തകം വീട്ടിൽ കൊണ്ടുപോയി വായിക്കാൻ സൗകര്യമുള്ള ലൈബ്രറി, റീഡിംഗ് കോർണർ, (പൊതുജനങ്ങൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാനും അവസരം) ഫീഡിംഗ് റൂം.
ആലുവ
വാടകയ്ക്ക് പവ്വർ ബാങ്ക്, കൊച്ചി മെട്രോയിൽ പ്രവർത്തിക്കുന്ന കുടംബശ്രീ അംഗങ്ങൾ പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഫർണിച്ചറുകൾ വാങ്ങാം, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം.
ഇടപ്പള്ളി
വാടകയ്ക്ക് പവ്വർബാങ്ക്, കിയോസ്‌ക്, ആകർഷകമായ വെളിച്ച വിതാനം, പ്ലാറ്റ് ഫോമിൽ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടം.
വൈറ്റില
രാവിലെയും വൈകിട്ടും സിനിമാഗാനങ്ങൾ കേൾക്കാം, പാർക്കിംഗ് സ്ഥലം വികസിപ്പിച്ചു.
തൈക്കൂടം
വെർട്ടിക്കൽ ഗാർഡൻ, നഗരജീവിതവും സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചുവർചിത്രങ്ങൾ.