കൊച്ചി: പോക്സോ കേസിൽ പ്രതികളായ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, ബിസിനസ് കൺസൾട്ടന്റ് അഞ്ജലി റീമ ദേവ്, സൈജു. എം. തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെ ഇവർക്കെതിരെ നടപടിയെടുക്കില്ലെന്ന് പ്രോസിക്യൂഷനും അറിയിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
2021 ഒക്ടോബറിൽ താനും മകളും അഞ്ജലിക്കൊപ്പം നമ്പർ 18 ഹോട്ടലിലെത്തിയെന്നും അവിടെ വച്ച് റോയ് വയലാട്ട് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നുമാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.
പരാതിക്കാരിക്കെതിരെ ഓപ്പറേഷൻ കുബേരയടക്കമുള്ള കേസുകൾ നിലവിലുണ്ടെന്നും വയനാട് സ്വദേശി ബെന്നിക്കെതിരെ ഇവർ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. നമ്പർ 18 ഹോട്ടലിൽ നിന്ന് മടങ്ങിയ രണ്ടു മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ അപകടത്തിൽ മരിച്ച സംഭവത്തെത്തുടർന്ന് പൊലീസും മാദ്ധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പോക്സോ കേസിനു കാരണമെന്നും റോയ് ആരോപിച്ചു.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരന്തരം പരാതിക്കാരിയെ അപമാനിക്കുകയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇരയെന്നു പറയുന്ന കുട്ടിയുടെ ചിത്രം പുറത്തു വിട്ടത് പരാതിക്കാരി തന്നെയാണെന്നും ഇവർ എല്ലാ ദിവസവും ചാനലുകളിലുണ്ടെന്നും ഹർജിക്കാർ പറഞ്ഞു. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും വ്യക്തമാക്കി.