കൊച്ചി: 15 ദിവസം ഹോട്ടലിൽ മുറിയെടുത്ത് ലഹരിമരുന്ന് വില്പന നടത്തിവരുന്നതിനിടെ എക്സൈസ്-കസ്റ്രംസ് സംയുക്ത ഓപ്പറേഷനിൽ പിടിയിലായ സംഘത്തിലെ രണ്ട് പേർ വിദേശത്ത് ലഹരി ഇടപാടിൽ കുടുങ്ങി 25 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ. ആലുവ മുപ്പത്തടം തച്ചവള്ളത്ത് വീട്ടിൽ റിച്ചു റഹ്മാൻ (30), മലപ്പുറം തിരൂരങ്ങാടി പുതുക്കിടി വീട്ടിൽ മുഹമ്മദ് അലി (32) എന്നിവരാണ് വിദേശത്ത് പിടിയിലായത്. പെരുന്നാളിന്റെ ഭാഗമായ പൊതുമാപ്പിൽ ശിക്ഷയിളവ് ലഭിച്ചാണ് നാട്ടിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികൾ വെളിപ്പെടുത്തി. വിദേശത്തെ കേസിനെക്കുറിച്ചും എക്സൈസ് അന്വേഷിക്കും. റിച്ചു അടിപിടിക്കേസുകളിലും പ്രതിയാണ്.
കണ്ണൂർ കണ്ണൂക്കരയിൽ പി.എം വീട്ടിൽ പി.എം. സൽമാൻ (26), തൃശൂർ കേച്ചേരി കുന്നത്തുള്ളി വീട്ടിൽ കെ.ബി വിബീഷ് (32), കൊല്ലം മൈനാഗപ്പള്ളി കാവിൽ വീട്ടിൽ ഷിബു ലത്തീഫ് (37), കൊല്ലം തൊടിയൂർ ദാറുൽ മില്ലത്ത് വീട്ടിൽ ജുബൈർ (29), ആലപ്പുഴ കാർത്തികപ്പള്ളി ശ്യാം നിവാസ് വീട്ടിൽ ശരത് (33), കൊല്ലം മുഖത്തല ഷമീന മൻസിൽ വീട്ടിൽ തൻസില (24) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊല്ലം സ്വദേശികൾ കൊലപാതകക്കേസിൽ പ്രതികളാണെന്ന് സൂചനയുണ്ട്.
റിച്ചു, മുഹമ്മദ് അലി, സൽമാൻ, വിബീഷ് എന്നവരാണ് ലഹരിക്കച്ചവടം നടത്തിയിരുന്നത്. മറ്റുള്ളവർ വാങ്ങാൻ എത്തിവരാണ്. 56 ഗ്രാം എം.ഡി.എം.എയുമായി ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത്. എട്ടുപേരെ ഇന്നലെ ആലുവ കോടതി റിമാൻഡ് ചെയ്തു. മയക്കുമരുന്നിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കും. 10 മൊബൈൽ ഫോണുകളും മൂന്ന് കാറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ഫോൺവിളികൾ പരിശോധിക്കും.
• അസി.കമ്മിഷണർ അന്വേഷിക്കും
എം.ഡി.എം.എ കേസ് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ അന്വേഷിക്കും. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ ടീമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൗരവമേറിയ കേസായതിനാലാണ് അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയത്.