manappuram
ആലുവ മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്തെ ബലിത്തറ ലേലം ബഹിഷ്കരിച്ച് പുരോഹിതന്മാർ പ്രതിഷേധിക്കുന്നു

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്തെ ബലിത്തറലേലം വീണ്ടുംമുടങ്ങി. തറവാടക കുറക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്മാർ ലേലം ബഹിഷ്കരിച്ചതാണ് കാരണം.

അടിസ്ഥാന ലേലത്തുക കുറക്കണമെന്നും ജി.എസ്.ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും പുരോഹിതന്മാരും ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചതിനെത്തുടർന്ന് ലേലം മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് 2020ലെ ലേലത്തുകയിൽനിന്ന് വർദ്ധിപ്പിച്ച 10 ശതമാനം വർദ്ധിപ്പിച്ചുള്ള അടിസ്ഥാന തുകയും 18 ശതമാനം ജി.എസ്.ടിയും ഒഴിവാക്കാൻ ദേവസ്വംബോർഡ് സമ്മതിച്ചാണ് പിരിഞ്ഞത്. തുടർന്നാണ് ഇന്നലെ വീണ്ടും ലേലംനിശ്ചയിച്ചത്.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ബലിതർപ്പണത്തിനെത്തുന്നവരുടെ എണ്ണം നാമമാത്രമായിരിക്കുമെന്നും 2020ലെ തറവാടകക്ക് ലേലംവിളിക്കാൻ സന്നദ്ധമെല്ലെന്നുമുള്ള നിലപാടാണ് പുരോഹിതന്മാർ സ്വീകരിച്ചത്. വി.എച്ച്.പിയുടെ നേതൃത്വത്തിലുള്ള അർച്ചക് പുരോഹിത് സഭ പ്രതിഷേധവുമായി രംഗത്തെത്തുകയും ലേലം വിളിക്കാനെത്തിയവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെ ലേലംമുടങ്ങുകയായിരുന്നു. ചൊവ്വാഴ്ചയുണ്ടാക്കിയ ധാരണയിൽനിന്ന് പുരോഹിതന്മാർ പിന്നാക്കം പോയതാണ് ലേലംമുടങ്ങാൻ കാരണമെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ജി. ബിജു പറഞ്ഞു. എന്നാൽ ചൊവ്വാഴ്ചതന്നെ അടിസ്ഥാന ലേലത്തുക പതിനായിരമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ട് സംഘടന ദേവസ്വത്തിന് കത്ത് നൽകിയിരുന്നതായി അർച്ചക് പുരോഹിത് സഭ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം രാധാകൃഷ്ണ വാദ്ധ്യാർ പറഞ്ഞു.

വാക്സിൻ സർട്ടിഫിക്കറ്റും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതിനാലും സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളുമെല്ലാം പാലിക്കേണ്ടതിനാൽ ബലിതർപ്പണത്തിന് 2020ലേതിന്റെ 50 ശതമാനംപോലും ഭക്തരെ പ്രതീക്ഷിക്കേണ്ടതില്ല. സാഹചര്യം മനസിലാക്കി അടിസ്ഥാന ലേലത്തുക നിശ്ചയിക്കാൻ ദേവസ്വംബോർഡ് തയ്യാറാകണമെന്നും രാധാകൃഷ്ണ വാദ്ധ്യാർ പറഞ്ഞു.

ലേലം വീണ്ടും 22ന്

2020ലെ അടിസ്ഥാന ലേലത്തുക നിശ്ചയിച്ച് 22ന് രാവിലെ പത്തിന് വീണ്ടും ബലിത്തറ ലേലം നടക്കും.