തൃപ്പൂണിത്തുറ: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയതിന്റെ അനുസ്മരണമാണ് മകം തൊഴൽ. മിഥുനലഗ്നം ഉച്ചയ്ക്ക് 2നാണ് മകം തൊഴാനായി ശ്രീകോവിൽനട തുറക്കുന്നത്.
കുംഭത്തിലെ രോഹിണി നാളിൽ കൊടികയറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തി വിളങ്ങുന്ന ദേവിയെ തൊഴാൻ കേരളത്തിനകത്തും പുറത്തും നിന്ന് ഭക്തർ ഒഴുകിയെത്തും.
ദേവസ്വത്തിനു പുറമേ പൊലിസ്, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ ക്ഷേത്രത്തിനകത്തു പുറത്തും ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കി. ക്ഷേത്രത്തിന്റെ വടക്കേ പൂരപ്പറമ്പിലും പടിഞ്ഞാറേനട പൊതുമരാമത്ത് പാതയിലും പന്തൽ ഒരുക്കിയിട്ടുണ്ട്. വടക്കേ പൂരപ്പറമ്പിൽ ഭർശനത്തിനുള്ള ക്യൂ സംവിധാനവും ഒരുക്കി. ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് ലഘുഭക്ഷണം നൽകും.