
കൊച്ചി: കെ.എസ്.ഇ.ബിയിൽ ആറു വർഷമായി നടക്കുന്ന അഴിമതിയും ക്രമക്കേടുകളും സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. അഴിമതി പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംശയകരമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നത് മുൻമന്ത്രി എം.എം. മണിയും സി.ഐ.ടി.യു ലോബിയും നടത്തിയ പകൽക്കൊള്ളയുടെ ഒരറ്റം മാത്രമാണ്. ബോർഡിന്റെ നൂറുകണക്കിന് ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറി. മണിയും സഹോദരൻ ലംബോദരനും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്. കെ-റെയിൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ ബി.ജെ.പി ജനകീയ പ്രതിരോധം സംഘടിപ്പിക്കും.