alchol

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ വിദേശ മദ്യം കടത്തി പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ലിമിറ്റഡ് എന്ന കമ്പനി 16 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്ന് കസ്റ്റംസ് സംഘം കോടതിയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക്. കെ. ജോർജ്ജിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ലൂക്കിനെ ഇന്നലെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിമാന യാത്രക്കാരുടെ യാത്രാ വിവരങ്ങൾ ശേഖരിച്ച് ഇവരുടെ പേരിൽ വിദേശമദ്യം പുറത്തെത്തിച്ച് വില്പന നടത്തി നികുതി വെട്ടിച്ചെന്നാണ് കേസ്. ഒരു മലേഷ്യൻ കമ്പനിയുടെ ഉപ കമ്പനിയായ പ്ളസ് മാക്സ് 13,000 ത്തോളം യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ അനധികൃതമായി ശേഖരിച്ചാണ് തട്ടിപ്പു നടത്തിയത്. .

ലൂക്കിന്റെ പങ്ക്

2017 സെപ്തംബർ ഒന്നു മുതൽ 2017 ഡിസംബർ 15 വരെ യാത്രക്കാരുടെ വിവരങ്ങൾക്കു വേണ്ടി പ്ളസ് മാക്സ് കമ്പനി എയർലൈൻ കമ്പനികളെ സമീപിച്ചെങ്കിലും രഹസ്യ വിവരങ്ങൾ നൽകാനാവില്ലെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് എയർ കാർഗോ കോംപ്ളക്സിൽ കസ്റ്റംസ് സൂപ്രണ്ടായിരുന്ന ലൂക്ക്. കെ. ജോർജ് അന്വേഷണത്തിന്റെ ആവശ്യത്തിനായി ഈ കാലയളവിലെ യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ കമ്പനികൾക്ക് കത്തു നൽകി. പ്ളസ് മാക്സ് കമ്പനി വിദേശമദ്യ വില്പനയിൽ ക്രമക്കേടു കാണിച്ച കാലയളവിലെ രേഖകളാണ് ലൂക്ക് ആവശ്യപ്പെട്ടത്. ഇതറിഞ്ഞ് കസ്റ്റംസ് അസി. കമ്മിഷണർ താക്കീതു നൽകി. എന്നിട്ടും രേഖകൾക്കായി ലൂക്ക് വീണ്ടും എയർലൈൻ കമ്പനികൾക്ക് ഇ-മെയിൽ അയച്ചു. തുടർച്ചായി ആവശ്യപ്പെട്ടപ്പോൾ കമ്പനികൾ രേഖകൾ നൽകി. എയർലൈൻ കമ്പനികൾ ലൂക്കിന് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് പ്ളസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പു വഴിയുള്ള മദ്യക്കച്ചവടത്തിൽ തട്ടിപ്പു നടത്തിയത്. അനധികൃത മദ്യവില്പനയെക്കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ലൂക്ക് രേഖകൾ ശേഖരിച്ചു. കള്ളക്കടത്തു തടയാൻ ബാദ്ധ്യതയുള്ള ഉദ്യോഗസ്ഥൻ ഇതു ചെയ്തത് ഗൗരവമേറിയ കുറ്റമാണ്. ഒമ്പതു തവണ സമൻസ് നൽകിയിട്ടും ലൂക്ക് ഹാജരായില്ല. ലൂക്കിന്റെ കാറിന്റെ ഇൻസ്റ്റാൾമെന്റ് അടച്ചിരുന്നത് പ്ളസ് മാക്സ് കമ്പനിയാണെന്നതിന് തെളിവു ലഭിച്ചു.