
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ 'കാതോർത്ത്' സ്ത്രീസുരക്ഷ പദ്ധതിയിലൂടെ 80 പേർക്ക് സഹായമെത്തിച്ചതായി ജില്ലാ ഓഫീസർ ഡോ.പ്രേമ്‌ന മനോജ് ശങ്കർ പറഞ്ഞു. നിയമവിദഗ്‌ദ്ധരും പൊലീസ് ഉദ്യോഗസ്ഥരും കൗൺസലേഴ്‌സും അടങ്ങുന്ന സംഘമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. www.kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സ്ത്രീകൾക്ക് കൗൺസലിംഗ്, നിയമ, പൊലീസ് സഹായങ്ങൾ തേടാം. അതാത് വിഭാഗത്തിലെ കൺസൽട്ടന്റുമാർ ഓൺലൈൻ അപ്പോയ്ൻമെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്രവഴി സേവനം ലഭ്യമാക്കും.
സ്ത്രീധന പീഡനങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടിയായ കനൽ പദ്ധതിയുടെ ഭാഗമായി 25 കോളേജുകളിലെ 6,500 വിദ്യാർത്ഥികൾക്ക് ലിംഗസമത്വത്തെ കുറിച്ച് ക്ലാസുകളെടുത്തു. അഭയ കിരണം, സഹായഹസ്തം എന്നീ ധനസഹായ പദ്ധതികളും സ്ത്രീകൾക്ക് താങ്ങാകുന്നു. ഗാർഹികപീഡനം നേരിടേണ്ടി വരുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി രക്ഷാദൂത് എന്ന പദ്ധതിക്ക് തുടക്കമിട്ടു. വുമൺ പ്രൊട്ടക്ഷൻ ഓഫിസർക്ക് നേരിട്ട് പരാതി നൽകാൻ അവസരമില്ലാത്തവർ ഒരു വെള്ള പേപ്പറിൽ 'തപാൽ' എന്ന കോഡും അഡ്രസും മാത്രമെഴുതി പോസ്റ്റ് ബോക്‌സിൽ നിക്ഷേപിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി യുക്തമായ നടപടി സ്വീകരിക്കും. സഹായം ആവശ്യമുള്ള പരിചയക്കാർക്ക് വേണ്ടി പൊതുജനങ്ങൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.
പൊൻവാക്ക് ആണ് മറ്റൊരു പദ്ധതി. ബാലവിവാഹങ്ങളുടെ കാര്യം ശ്രദ്ധയിൽപെട്ടാൽ ponvakkuekm@gmail.com എന്ന ഐഡിയിലേക്കോ 91 9188969207 എന്ന നമ്പറിലേക്കോ വിവരം നൽകിയാൽ 2,500 രൂപ പാരിതോഷികം ലഭിക്കും. വിവാഹം നടക്കുന്നതിന് മുൻപ് വിവരം അറിയിക്കേണ്ടതാണ്. വിവരംനൽകിയ വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ ഓഫീസർ പറഞ്ഞു.