കിഴക്കമ്പലം: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സ്ട്രീറ്റ് ലൈ​റ്റ് ചലഞ്ച് പദ്ധതി എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടിമറിക്കുന്നതായി ആരോപിച്ച് വീടുകളിൽ ലൈ​റ്റുകളണച്ച് പ്രതിഷേധിക്കുന്നതിനിടെ ട്വന്റി 20 പ്രവർത്തകന് മർദ്ദനമേ​റ്റ് ഗുരുതരമായി പരിക്കേ​റ്റ സംഭവത്തിൽ നാല് സി.പി.എം പ്രവർത്തകരെ പെരുമ്പാവൂർ എ.സി.പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചേലക്കുളം, കാവുങ്ങപറമ്പ് വലിയപറമ്പിൽ അസീസ്(42), പാറാട്ട് വീയൂട്ട് അബ്ദുൾ റഹ്മാൻ(36), പാറാട്ട് സൈനുദ്ദീൻ(27), നെടുങ്ങാട്ട് ബഷീർ(36) എന്നിവരാണ് അറസ്റ്റിലായത്. കാവുങ്ങപറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ സി.കെ. ദീപു(38)വിന്റെ നില ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേ​റ്ററിൽ അതീവ ഗുരുതരമായി തുടരുന്നു.

കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് മർദ്ദനമേ​റ്റ ദീപുവിനെ തിങ്കളാഴ്ച കഠിനമായ തലവേദനയെത്തുടർന്ന് പഴങ്ങനാട് സമരി​റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി സ്‌കാൻ നടത്തി. തലയിൽ ആന്തരിക രക്തസ്രാവം കണ്ടതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ. എബി എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. കൊലപാതകശ്രമം, ഹരിജനപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.