ആലുവ: ആലുവ നഗരത്തിൽ എസ്.എൻ.ഡി.പി സ്കൂളിന് സമീപം വഴിയാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. സിവിൽ സ്റ്റേഷനിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു. എസ്.എൻ.‌ഡി.പി സ്കൂളിന് സമീപത്ത് കൂടെയുള്ള വഴിയിലൂടെ ടൗൺഹാൾ ഭാഗത്തേക്ക് പ്രവേശിക്കാൻ സ്റ്റെപ്പ് കയറുമ്പോൾ എതിർദിശയിൽനിന്ന് നടന്നെത്തിയ നീലഷർട്ട് ധരിച്ചയാളാണ് മാല പൊട്ടിച്ചത്. യുവതി മോഷ്ടാവിന്റെ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. താരതമ്യേന തിരക്ക് കുറഞ്ഞ റോഡാണിത്. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് പ്രതി ഓടിരക്ഷപെട്ടത്.