df

കൊച്ചി: പട്ടികജാതി, പട്ടികവർഗ്ഗ പ്രൊമോട്ടർമാരുടെ നിയമനം സംബന്ധിച്ച് വകുപ്പിറക്കിയ പുതിയ മാനദണ്ഡം നിലവിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയാകും. പ്രൊമോട്ടർ നിയമനത്തിലെ പ്രായപരിധി എസ്.സിക്ക് 18 മുതൽ 30 വരെയും എസ്.ടിക്ക് 20 വയസുമുതൽ 35 വയസുവരെയാക്കിയാണ് പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് ഉത്തരവിറക്കിയത്. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. എന്നാൽ ഈ ഉത്തരവ് നിലവിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം പേർക്കും വിനയാകും. ഇപ്പോഴുള്ള 95 ശതമാനം പേരും ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പുറത്തുപോകും.

പഞ്ചായത്തിൽ ഒന്നും നഗരസഭ പരിധിയിൽ വാർഡ് അടിസ്ഥാനത്തിലുമാണ് എസ്.സി പ്രമോട്ട‌ർമാർ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഇരുവിഭാഗങ്ങളിലുമായി രണ്ടായിരത്തിലധികം പേർ സംസ്ഥാനത്തുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും 40 വയസ് കഴിഞ്ഞവരാണ്. 10,000 രൂപയാണ് ഇവർക്ക് ഒരുമാസം ഓണറേറിയം. നിലവിൽ 40 വയസ് കഴിഞ്ഞവർക്ക് 50 വയസുവരെ സാമൂഹിക സേവകർ എന്ന നിലയിൽ തുടരാമായിരുന്നു. ഇപ്പോൾ ഇറക്കിയ ഉത്തരവുപ്രകാരം അതും നടക്കാത്ത അവസ്ഥയാണ്. പബ്ലിക് സർവീസ് കമ്മിഷനിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 41 വയസും യൂത്ത് കോഓർ‌ഡിനേറ്റർ, അങ്കണവാടി, തുടർവിദ്യാഭ്യാസ പ്രേരക്, ആശാവർക്കർ തുടങ്ങിയ ഭൂരിഭാഗം നിയമനത്തിനും ഉയർന്ന പ്രായപരിധി 40 വയസുമാണെന്നിരിക്കെ എസ്.സി, എസ്.ടി പ്രൊമോട്ടർമാരുടെ കാര്യത്തിൽ മാത്രം പ്രായപരിധി മുപ്പതും മുപ്പത്തിയഞ്ചും വയസാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

 മറ്റ് വഴികളില്ല

ഈ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് മറ്റൊരു ജോലിക്ക് പോകാനും സാധിക്കാത്ത അവസ്ഥയാണ്. ചെറുപ്പക്കാരാകുമ്പോൾ സാങ്കേതിക പരിജ്ഞാനം ഉള്ളവരും വാഹനം ഉപയോഗിക്കുന്നവരുമായിരിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ വകുപ്പിനെ കാര്യക്ഷമമാക്കുന്നതിന് വളരെ സജീവമായി ഇക്കൂട്ടർക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ 35 വയസുവരെയുള്ളവർക്ക് പി.എസ്.സി എഴുതാനും ഉയർന്ന ജോലികൾക്ക് പോകാനും അവസരമുണ്ട്. ഈ സാഹചര്യത്തിൽ 35 വയസിന് മുകളിലുള്ള പത്താംക്ലാസ് വിജയിച്ചവരും സാമൂഹിക, സന്നദ്ധ പ്രവർത്തകരുമായവരെ പരിഗണിക്കണമെന്നും പ്രായപരിധി 20 മുതൽ 55 വയസുവരെയാക്കി ഉയർത്തണമെന്നും പ്രൊമോട്ടർമാർ പറയുന്നു.

 പുതിയ ഉത്തരവുപ്രകാരം പ്രൊമോട്ട‌ർമാർ ഭൂരിപക്ഷവും ജോലിയിൽ നിന്ന് പുറത്താകും. സംസ്ഥാനത്ത് എസ്.ടി പ്രൊമോട്ടർമാർ മാത്രം 1118 പേരുണ്ട്. അതിനാൽ ഉത്തരവ് പുന:പരിശോധിക്കണം.

എം. മഹേശൻ

സംസ്ഥാന സെക്രട്ടറി,

ഓൾ കേരള ട്രൈബൽ പ്രൊമോട്ടേഴ്സ് കൂട്ടായ്മ

 സംസ്ഥാനത്തെ എസ്.സി ,​ എസ്.ടി പ്രൊമോട്ടർമാർ : 2000