
മാർച്ച് അഞ്ചിന് വെള്ളാപ്പള്ളി നടേശൻ തറക്കല്ലിടും
കൊച്ചി: കയറിക്കിടക്കാൻ നല്ലൊരു വീടില്ലാതെ വിഷമിക്കുന്ന സഹജീവികൾക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ വിഭാവനം ചെയ്ത ഗൃഹനിർമ്മാണ പദ്ധതിക്ക് മാർച്ച് അഞ്ചിന് തുടക്കം. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച പുത്തൻകാവ് ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെയും സമീപത്തെ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെയും ഉത്സവത്തിന് ആനയും അമ്പാരിയും വെടിക്കെട്ടും ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സ്വരൂപിച്ച തുകയാണ് പദ്ധതിയുടെ മൂലധനം. രണ്ട് ക്ഷേത്രങ്ങളും ശാഖായോഗത്തിന്റെ കീഴിലാണ്.
ആദ്യഘട്ടമായി നിർമ്മിക്കുന്ന പത്ത് വീടുകളുടെ ശിലാസ്ഥാപനം മാർച്ച് അഞ്ചിന് രാവിലെ പത്തിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നിർവഹിക്കുക.
പത്ത് വീട്ടുകാരുടെയും അടുത്ത ഉത്സവം പുതിയ വീട്ടിലാകും. 60 ലക്ഷം രൂപയാണ് ആദ്യഘട്ട ചെലവ് പ്രതീക്ഷിക്കുന്നത്. ഗൃഹനിർമ്മാണ പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ് സുമനസുകൾ സംഭാവനകളും നൽകുന്നുണ്ട്.
മാർച്ച് ആറിനാണ് ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിൽ കൊടിയേറ്റ്. ചിലവ് കുറയ്ക്കാനായി കലാപരിപാടികൾ ഇക്കുറി ക്ഷേത്രകലകളിൽ ഒതുക്കി. ആന എഴുന്നള്ളിപ്പ് പൂർണ്ണമായും ഒഴിവാക്കി.
1893ലാണ് ശ്രീനാരായണ ഗുരുദേവൻ പൂത്തോട്ടയിൽ ശ്രീനാരായണവല്ലഭ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിനു ചുറ്റും സരസ്വതീ ക്ഷേത്രങ്ങൾ വേണമെന്ന ഗുരുവിന്റെ നിർദ്ദേശം ശാഖായോഗം ശിരസാവഹിച്ചു. നഴ്സറി മുതൽ ലാ കോളേജ് വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5000ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
അപേക്ഷിച്ചത് 53 പേർ
വീടിനായി 53 പേരാണ് അപേക്ഷിച്ചത്. എല്ലാവരും ശാഖാംഗങ്ങളാണ്. മാറാരോഗം, അശരണരും വിധവകളുമായ സ്ത്രീകൾ, വികലാംഗർ എന്നിവർക്കായിരുന്നു മുൻഗണന. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 20 പേർക്കാണ് ആദ്യം വീടു നൽകുക. അതിൽ ആദ്യ പത്ത് വീടുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുക. മറ്റ് പത്ത് വീടുകളുടെ പണി പിന്നാലെ തുടങ്ങും.
6 ലക്ഷം ചെലവ്
432 ചതുരശ്ര അടിയിലെ വീടാണ് നിർമ്മിക്കുക. രണ്ട് മുറി, ഒരു ഹാൾ, ഒരു ടോയ്ലറ്റ്. അടുക്കള. ചെലവ് ആറ് ലക്ഷം. ശാഖ നേരിട്ടാണ് നിർമ്മാണം. സ്വന്തം ഭൂമി വേണം. പ്ളാനും പെർമിറ്റും ഗുണഭോക്താവ് സമർപ്പിക്കണം.
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖായോഗത്തിന്റെ അഭിമാനപദ്ധതിയാണിത്. എത്രയും വേഗം പണി പൂർത്തിയാക്കലാണ് ലക്ഷ്യം.
ഇ.എൻ മണിയപ്പൻ, പ്രസിഡന്റ്,
എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ