
കളമശേരി: സംസ്ഥാനത്തെ ട്രേഡ് യൂണിയൻ മേഖലയിൽ പുതിയൊരു ചരിത്രവും മാതൃകയും സൃഷ്ടിച്ച സേവ് ഫാക്ട് ആക്ഷൻ കമ്മിറ്റിയിൽ തമ്മിൽത്തല്ല്. 10,000ലേറെ സ്ഥിരം ജീവനക്കാരുണ്ടായിരുന്ന എഫ്.എ.സി.ടിയിൽ ഇന്ന് 1,700 സ്ഥിരം ജീവനക്കാരെയുള്ളൂ. 1,000ത്തിൽ താഴെ തൊഴിലാളികളും ബാക്കി ഓഫീസർ ഗ്രേഡിലുള്ളവരുമാണ്.
ഫാക്ട് പൂട്ടലിന്റെ വക്കിലെത്തിയ കാലഘട്ടത്തിലാണ് വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്ന കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഒരു കുടക്കീഴിൽ അണിനിരന്നത്.
സേവ് ഫാക്ട് ആക്ഷൻ കമ്മിറ്റിയിൽ നിന്ന് ഓഫീസേഴ്സ് സംഘടനകൾ ആദ്യം പുറത്തുപോയി. പിറകെ ബി.എം.എസ് യൂണിയൻ മാറിനിന്നു. ഇടത് സംഘടനയായ എ.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയുമുൾപ്പെടെയുള്ളവർ മറുചേരിയിലായി. സി.ഐ.ടി.യു നേതൃത്വത്തിലുള്ള യൂണിയനും സ്വതന്ത്ര യൂണിയനും 105 ദിവസമായി സമരത്തിലാണ്. അഞ്ച് യൂണിയനുകൾ സമരത്തിലില്ല. കാന്റീനിലെ ഭക്ഷണ ബഹിഷ്ക്കരണത്തിലും അനൈക്യം മുഴച്ചുനിന്നു. ഉച്ചഭാഷിണിയിലൂടെയും നോട്ടീസിലൂടെയും പരസ്പരം ചെളിവാരിയെറിയുന്ന ഘട്ടത്തിലെത്തി നിൽക്കുകയാണിപ്പോൾ.
 24 മണിക്കൂർ കൂട്ട നിരാഹാര സമരം
എഫ്.എ.സി.ടിയിൽ 24 മണിക്കൂർ കൂട്ട നിരാഹാരസമരം ഇന്നു രാവിലെ 8ന് ഉദ്യോഗമണ്ഡൽ ടൈം ഗേറ്റിൽ ആരംഭിക്കും. 25 ന് സൂചനാപണിമുടക്കും നടത്തും. ദീർഘകാല കരാർ കാലാവധി കഴിഞ്ഞ് 5 വർഷം പിന്നിട്ടിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), ഫാക്ട് വർക്കേഴ്‌സ് ഓർഗനൈസേഷൻ എന്നീ സംഘടനകളാണ് നിരാഹാര സമരം നടത്തുന്നത്.