
കൊച്ചി: ചീങ്കണ്ണിപ്പാലയിൽ പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൊളിച്ചു നീക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിരസിച്ചു. അബ്ദുൾ ലത്തീഫിന്റെ അപ്പീലിൽ എതിർകക്ഷികളായ ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാൻ, പരാതിക്കാരനായ നിലമ്പൂർ സ്വദേശി എം.പി. വിനോദ് എന്നിവർക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി കേസ് ഫെബ്രുവരി 22ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
ഉൗർങ്ങാട്ടിരി പഞ്ചായത്തിൽ നിന്ന് ഹോട്ടൽ നിർമ്മാണത്തിന് പെർമ്മിറ്റ് വാങ്ങിയശേഷം നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചെന്നാണ് വിനോദിന്റെ പരാതി. ഓംബുഡ്സ് മാനാണ് പൊളിക്കാൻ ഉത്തരവിട്ടത്. ഇതു സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.