drasokkumar

കൊച്ചി: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പ്രിൻസിപ്പൽ സയന്റിസ്റ്റും ഫിഷ് പ്രോസസിംഗ് വിഭാഗം തലവനുമായ ഡോ. കെ. അശോക്‌കുമാർ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11നായിരുന്നു അന്ത്യം. എറണാകുളം പള്ളിമുക്ക് ചർച്ച് ലാൻഡിംഗ് റോഡിലെ വസതിയായ ധന്യയിൽ പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകിട്ട് രവിപുരം ശ്‌മശാനത്തിൽ സംസ്കരിച്ചു.

പരേതനായ അഡ്വ. കേശവൻ നായരുടെയും സരളദേവിയുടെയും മകനാണ്. ഭാര്യ: സുനിത. മകൾ: അപർണ (വിദ്യാർത്ഥിനി).

മത്സ്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയവ കലർത്തിയാൽ കണ്ടെത്താനുള്ള കിറ്റ് വികസിപ്പിച്ചതുൾപ്പെടെ നിരവധി ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൊച്ചി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം 1992ലാണ് സിഫ്റ്റിലെത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരവധി വിദഗ്ദ്ധസമിതികളിൽ അംഗമായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളുടെ കൺസൾട്ടന്റായും പ്രവർത്തിച്ചു. ഭക്ഷ്യഗുണമേന്മ, സംസ്‌കരണം എന്നിവയിൽ വിദഗ്ദ്ധനായിരുന്നു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടി.