കൊച്ചി: ഒമ്പതു വയസുള്ള മകനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ അങ്കമാലി മൂക്കന്നൂർ പനങ്ങാട്ടു പറമ്പിൽ വീട്ടിൽ ടീനയ്‌ക്ക് (37) വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. മകനെ കൊലപ്പെടുത്തിയത് പ്രതിയാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയാണെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

2016 ഏപ്രിൽ 30നാണ് സംഭവം. കുടുംബ വഴക്കുകളെത്തുടർന്ന് ഭർത്താവിനോടുള്ള പകവീട്ടാനായി മകനെ കൊലപ്പെടുത്തി ടീന ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്. ഉറക്ക ഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതി മകന്റെ കൈ ഞരമ്പ് മുറിച്ചു. പിടഞ്ഞെണീറ്റ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് വിഷം കഴിച്ച ടീന കൈഞരമ്പു മുറിക്കുകയും ചെയ്തു. സാഹചര്യത്തെളിവുകളും ടീനയുടെ മൊഴിയും പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കുട്ടിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആശുപത്രിക്കിടക്കിയിൽ വച്ച് മരണമൊഴിയെന്ന തരത്തിൽ ടീന നൽകിയ മൊഴിയിൽ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി പറയുന്നില്ല. ഉറക്ക ഗുളിക നൽകിയതും കൈ ഞരമ്പു മുറിച്ചതും മാത്രമാണ് പറഞ്ഞിട്ടുള്ളത്. സംഭവം നടക്കുമ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പുറത്തു നിന്ന് ആരെങ്കിലും അകത്തു കടന്ന് കുറ്റ കൃത്യം ചെയ്യാനുള്ള സാദ്ധ്യത പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.