house

കൊച്ചി: തീരദേശത്തെ പുനർഗേഹം പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ ആളില്ല. കടൽത്തീരത്ത് 50 മീറ്ററിനുള്ളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനുള്ളതാണ് പുനർഗേഹം പദ്ധതി. വേറെ സ്ഥലം വാങ്ങി വീടു പണിയാൻ പത്ത് ലക്ഷം രൂപയാണ് നൽകുക. ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി, കണയന്നൂർ താലൂക്കുകളിലായി 1,619 പേർക്ക് വീട് നൽകാനാകുമെങ്കിലും ഇതുവരെ അപേക്ഷിച്ചത് 70ൽ താഴെ പേരാണ്.

 സ്ഥലവില പ്രശ്നം

ജില്ലയിലെ ഭൂമിവില കൂടുതലാണെന്നതാണ് ഗുണഭോക്താക്കൾ കുറയാൻ കാരണം. ആറുലക്ഷം രൂപ സ്ഥലത്തിനും നാലുലക്ഷം വീടു നിർമ്മാണത്തിനുമാണ്. സ്ഥലം സ്വയം വാങ്ങിയാൽ പദ്ധതി തുക മുഴുവൻ വീടിന് ഉപയോഗിക്കാം. കോർപ്പറേഷനിൽ കുറഞ്ഞത് രണ്ടുസെന്റും പഞ്ചായത്തുകളിൽ മൂന്നുസെന്റും ഭൂമി വേണം.

 പുനർഗേഹം പദ്ധതി

 വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് 200 മീറ്ററിന് പുറത്ത് പുതിയ സ്ഥലവും വീടും വാങ്ങാൻ 10 ലക്ഷം രൂപ ധനസഹായം.

 സ്വന്തം വീട് സർക്കാരിന് വിട്ടു കൊടുക്കേണ്ട.

 വാങ്ങുന്ന സ്ഥലത്തിന് ആധാരച്ചെലവുകളില്ല

 ഒരേ വീട്ടിലെ വെവ്വേറെ റേഷൻകാർഡുള്ള കുടുംബങ്ങളെ വ്യത്യസ്ത ഗുണഭോക്താക്കളായി പരിഗണിക്കും.

 ഭൂമിയുടെയും വീടിന്റെയും ഉടമയ്ക്കായിരിക്കും ആദ്യപരിഗണന

 ഒരേ റേഷൻകാർഡിൽ ഉൾപ്പെട്ടവരായാലും വീടില്ലാത്തതുകൊണ്ട് മാത്രം കൂട്ടായി താമസിക്കുന്നവരെ വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം നൽകും

 1,619 അർഹർ

ഫിഷറീസ് വകുപ്പിന്റെ സർവ്വേ പ്രകാരം ജില്ലയിൽ 1619 കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിക്ക് അർഹതയുണ്ട്. ഫോർട്ട്‌കൊച്ചി, മാനാശേരി, സൗദി, കണ്ണമാലി, ചെറിയകടവ്, ചെല്ലാനം, മറുവാക്കാട്, കണ്ടക്കടവ്, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, അയ്യമ്പിള്ളി, ചെറായി, കുഴുപ്പിള്ളി, മുനമ്പം, പള്ളിപ്പുറം, പഴങ്ങാട് എന്നിവിടങ്ങളിലാണിവർ.

 സർക്കാർ ഭൂമി ലഭ്യമാകുന്ന സാഹചര്യം ഉണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം. ഭൂമി സർക്കാർ ചെലവിൽ വാങ്ങാനാകും.

കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

 23 വീടുകൾ നിർമ്മിച്ചു

23 പേർക്ക് വീടു നിർമ്മിച്ചു നൽകി. 22 കുടുംബങ്ങൾ സ്ഥലം വാങ്ങി രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. 20 പേരുടെ നിർമ്മാണം ഉടൻ തുടങ്ങും. മേയ് മാസത്തിനുള്ളിൽ പൂർത്തിയാക്കലാണ് ലക്ഷ്യം.

പി.സന്ദീപ്, നോഡൽ ഓഫീസർ

സൂപ്രണ്ട്, ഫിഷറീസ് വകുപ്പ്