drasokkumar

കൊച്ചി: സംശുദ്ധവും വിഷരഹിതവുമായ മത്സ്യോത്പന്നങ്ങൾക്ക് വേണ്ടി നിലകൊണ്ട ശാസ്ത്രജ്ഞനാണ് കഴിഞ്ഞ ദിവസം നിര്യാതനായ ഡോ.കെ. അശോക്‌കുമാർ. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്‌റ്റ്) യിൽ ശാസ്ത്രജ്ഞനായി ഒൗദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം നാലുപതിറ്റാണ്ടിന്റെ പ്രവർത്തനമികവിലൂടെ ആഗോളശ്രദ്ധ നേടി.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. മത്സ്യങ്ങളിലും മത്സ്യോത്പന്നങ്ങളിലും മായം ചേർക്കുന്നത് കണ്ടെത്താനും തടയാനുമുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങൾ ആവിഷ്‌കരിച്ചു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാന്റേർഡുമായി ചേർന്നും പ്രവർത്തിച്ചു. മത്സ്യകയറ്റുമതി മേഖലയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

കേരള സർവകലാശാലയിൽ നിന്ന് ബിരുദവും കൊച്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തരബിരുദവും 1991 ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. വോൾട്ടാസ് ഇന്റർനാഷണലിന്റെ ഫിഷറീസ് വിഭാഗത്തിൽ പ്രൊഡക്ഷൻ മാനേജർ പദവിയിലാണ് ആദ്യം നിയമിതനായത്. 1992ൽ സിഫ്‌റ്റിലെത്തി. ഗുജറാത്തിലെ വേരാവൽ ഗവേഷണ കേന്ദ്രത്തിൽ അഞ്ചുവർഷം പ്രവർത്തിച്ചു. പിന്നീട് കൊച്ചിയിലെത്തി. 2009ൽ സിഫ്‌റ്റിന്റെ ഫിഷ് പ‌്രോസസിംഗ് വിഭാഗത്തിന്റെ പ്രിൻസിപ്പൽ മേധാവിയായി.

അക്കാദമിക, ഗവേഷണ, വികസന, ഭരണമേഖലകളിൽ നാലുപതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയം അദ്ദേഹത്തിനുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും നിരവധി സ്ഥാപനങ്ങളിൽ ക്ളാസുകളെടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന കൃഷി, ഫിഷറീസ് വകുപ്പുകളുടെ നിരവധി വിദഗ്ദ്ധ സമിതികളിൽ അംഗമായിരുന്നു. വിദേശങ്ങളിലെ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കാർഷികമേഖലയിലെ നവീനസംവിധാനങ്ങൾ, കാർഷികമേഖലയിൽ വിവരസാങ്കേതികവിദ്യ ഉപയോഗിക്കൽ, ഭക്ഷ്യസുരക്ഷ, സംസ്കരണത്തിനുള്ള അത്യാധുനിക സംവിധാനങ്ങൾ, മത്സ്യങ്ങളുടെ ഗുണമേന്മാ പരിശോധന, കാർഷിക ഗവേഷണം, മാനേജ്മെന്റ്, ഉൗർജ്ജസംരക്ഷണം, മാലിന്യസംസ്കരണ പ്ളാന്റ് തുടങ്ങിയവയിൽ വിദഗ്ദ്ധനായിരുന്നു.

മുംബയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് എഡ്യൂക്കേഷൻ, കൊച്ചി സർവ്വകലാശാല എന്നിവയിൽ പി.എച്ച്.ഡി ഗൈഡായിരുന്നു. രണ്ടു പുസ്തകങ്ങളും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. മത്സ്യഗവേഷകരുടെ സംഘടനയുടെ സെക്രട്ടറിയായും ഫിഷറീസ് ടെക്നോളജി മാസികയുടെ എഡിറ്റോറിയിൽ ബോർഡ് അംഗവുമായിരുന്നു.

 ജോലിയിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തിയ വ്യക്തിയാണ് ഡോ. അശോക്‌കുമാർ. ബുധനാഴ്ച രാത്രി ഏഴേമുക്കാൽ വരെ ഓഫീസിൽ ജോലി ചെയ്ത് മടങ്ങിയതാണ്. സഹപ്രവർത്തകരെ പദവി നോക്കാതെ ഒരേപോലെ കാണുകയും സൗഹൃദവും സ്നേഹവും പുലർത്തുകയും ചെയ്തയാളാണ്. അദ്ദേഹത്തിന്റെ വേർപാട് മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമാണ്."

ഡോ. ലീന എഡ്‌വിൻ

ആക്ടിംഗ് ഡയറക്ടർ

സിഫ്‌റ്റ്