kerala-hc

കൊച്ചി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം തൈക്കാട് മേലാറന്നൂർ പുണർതം വീട്ടിൽ പ്രശാന്ത്കുമാറിനെ വ്യാജരേഖ ഹാജരാക്കി അഭിഭാഷകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്ന പരാതിയും പ്രശാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. വ്യാജരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടൻ എൻ. നാരായണനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്.

പ്രശാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരി 21നു പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് സർക്കാരിന്റെ വിശദീകരണം തേടി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ പ്രശാന്തിനെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടുപിന്നാലെ അഭിഭാഷകൻ സ്റ്റേഷനിലെത്തി ഹൈക്കോടതിയുടെ വെബ്സൈറ്റിലെ കേസ് വിവരങ്ങളടങ്ങിയ പേജിന്റെ പകർപ്പ് ഹാജരാക്കിയതോടെ പ്രതിയെ വിട്ടയച്ചു. ഫെബ്രുവരി രണ്ടു വരെ തുടർ നടപടി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചെന്ന് പകർപ്പിൽ വ്യാ‌ജമായി രേഖപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.