കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കൊച്ചി കോർപ്പറേഷൻ 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സംസ്ഥാന ഫണ്ടുകളായി വിവിധ പദ്ധതികൾക്കായി ലഭിച്ച 92 കോടി രൂപ പാഴാക്കി. തൊട്ടടുത്ത വർഷം ഈ ഫണ്ട് ചെലവഴിക്കാൻ സാധിക്കില്ലെന്ന് ബോദ്ധ്യമുണ്ടായിട്ടും തുക വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ശ്രമം നടത്തിയില്ല . 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് പിടിപ്പുകേടിന്റെ കണക്കുകൾ നിരത്തിയിരിക്കുന്നത്. വികസനഫണ്ടായി ( ജനറൽ ) അനുവദിച്ച 46 കോടി രൂപയിൽ 7.47 കോടിയും ലാപ്സായി. വികസന പ്രവർത്തനങ്ങൾക്കായി പ്രത്യേകമായി അനുവദിച്ച 8.88 കോടിയുടെ ഫണ്ടിൽ നിന്ന് 3.61 കോടി മാത്രമാണ് ചെലവഴിച്ചത്. കേന്ദ്ര സർക്കാർ സ്പെഷ്യൽ ഗ്രാന്റായി നൽകിയ 63 കോടിയിൽ 50.36 കോടിയും ലാപ്സായി. താറുമാറായി കിടന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 14.22 കോടിയിൽ 10.56 കോടി പാഴാക്കി. റോഡിതര വിഭാഗത്തിലെ 25.93 കോടിയിൽ 18.53 കോടി ഉപയോഗിക്കാൻ കഴിഞ്ഞില്ല
കെടുകാര്യസ്ഥതയുടെ തെളിവ്
കഴിഞ്ഞ ഭരണസമിതിയിലെ അനൈക്യവും തമ്മിലടിയും എല്ലാ വികസനപ്രവർത്തനങ്ങൾക്കും തടസമായി. ഫണ്ടുകൾ ലാപ്സായതിൽ യാതൊരു അത്ഭുതവുമില്ല.
കെ.ജെ. ആന്റണി
മുൻ പ്രതിപക്ഷ നേതാവ് (എൽ.ഡി.എഫ്)
ജനങ്ങളോടുള്ള വെല്ലുവിളി
റോഡിനായി അനുവദിച്ച തുക പാഴാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന കാര്യം മുൻ മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം കേന്ദ്ര ധനകാര്യ ഗ്രാന്റുകൾ ലാപ്സാകുന്നതിൽ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല. കർശനമായ വ്യവസ്ഥകളോടെയാണ് ഫണ്ട് അനുവദിക്കുന്നത് .സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലാവും പണമെത്തുന്നത്. ഇത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സമയമുണ്ടാവില്ല. സ്പിൽ ഓവറായി തുടരാൻ സർക്കാർ അനുവദിക്കുകയുമില്ല.
സി.കെ.പീറ്റർ
മുൻ കൗൺസിലർ
2019-20 ലെ 1018 പദ്ധതികളിൽ 70 എണ്ണം മാത്രമാണ് പൂർത്തീയായത്
748 എണ്ണം ഭാഗികമായി പൂർത്തിയാക്കി
200 പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞില്ല
46 കോടി വികസനഫണ്ടിൽ 7.47 കോടി ലാപ്സായി
8.88 കോടി സ്പെഷ്യൽ വികസനഫണ്ടിൽ ചെലവഴിച്ചത് 3.61 കോടി
63 കോടിയുടെ കേന്ദ്ര ഗ്രാന്റിൽ 50.36 കോടി ലാപ്സായി
14.22 കോടിയുടെ റോഡ് ഫണ്ടിൽ 10.56 കോടി പാഴായി
റോഡിതര വിഭാഗത്തിലെ 25.93 കോടിയിൽ 18.53 കോടി ലാപ്സായി.