gandhi

ഗുജറാത്തിലെ വൽസാട് ജില്ലയിൽ അഞ്ചുമുതൽ എട്ടുവരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഒരു പ്രസംഗ മത്സരത്തിൽ ഒരു വിഷയം 'നാഥുറാം ഗോഡ്സെ എന്റെ മാതൃക' എന്നായിരുന്നു. സംസ്ഥാന യുവജനക്ഷേമ - സാംസ്കാരിക വകുപ്പാണ് മത്സരം സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥരാണ് വിഷയങ്ങൾ തീരുമാനിച്ചതും വിധിനിർണയം നടത്തിയതും. ജില്ലയിലെ 25 സ്കൂളുകൾക്കും വിഷയം നേരത്തെ നൽകിയിരുന്നു. നാഥുറാം ഗോഡ്സെയെ പ്രശംസിച്ച് പ്രസംഗിച്ച വിദ്യാർത്ഥിനിയാണ് ഒന്നാം സമ്മാനം നേടിയത്. പത്രമാദ്ധ്യമങ്ങൾ ഇതു വിവാദമാക്കിയപ്പോൾ സർക്കാർ യൂത്ത് ഓഫീസറെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിനിയിൽ നിന്ന് ട്രോഫി തിരിച്ചു വാങ്ങുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ ജന്മനാടാണ് ഗുജറാത്ത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. ഭാരതീയ ജനതാപാർട്ടി നേതാക്കൾ എല്ലാക്കാലത്തും രാഷ്ട്രപിതാവിനോടു വലിയ ആദരവ് അഭിനയിക്കുന്നവരാണ്. ഗാന്ധിജിയുടെ ജീവിതത്തെയും രാഷ്ട്രീയ ദർശനങ്ങളെയും പ്രകീർത്തിച്ചു സംസാരിക്കുന്നവരുമാണ്. എന്നാൽ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു പൊരുത്തവും കാണാറുമില്ല.
രാഷ്ട്രീയ സ്വയംസേവ സംഘം മുൻകൈയെടുത്ത് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനസംഘം. 1951 ഒക്ടോബർ 21 ന് സ്ഥാപന സമ്മേളനത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജി അദ്ധ്യക്ഷനായിരുന്നു. ബൽരാജ് മധോക്ക് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ സംഘടനാ ചുമതല ഏൽപിച്ചത് മൂന്ന് ആർ. എസ്.എസ് പ്രചാരകരെയായിരുന്നു - ദീൻ ദയാൽ ഉപാദ്ധ്യായ, സുന്ദർസിംഗ് ഭണ്ഡാരി, ഭായ് മഹാവീർ. ജനസംഘത്തിന്റെ നയവും രാഷ്ട്രീയ പരിപാടിയുമൊക്കെ ആർ.എസ്.എസാണ് തീരുമാനിച്ചിരുന്നത്. നാഗ്‌പൂരിൽ നിന്നുള്ള കല്പനകളാണ് പാർട്ടിയെ ചലിപ്പിച്ചത്. ആർ.എസ്.എസിന്റെ അനുവാദത്തോടും അനുഗ്രഹാശിസുകളോടും കൂടി 1974 - 1975 കാലത്ത് ജനസംഘം ജയപ്രകാശ് നാരായണന്റെ ലോകസംഘർഷ സമിതിയുമായി സഹകരിച്ചു പ്രവർത്തിച്ചു. 1975 ജൂൺ അവസാനം ആർ.എസ്.എസ് വീണ്ടും നിരോധിക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ ജനസംഘം ജനതാപാർട്ടിയിൽ ലയിച്ചു. എന്നാൽ അവർക്ക് അധികകാലം ആ പാർട്ടിയിൽ തുടരാൻ കഴിഞ്ഞില്ല. ആർ.എസ്.എസ്. പ്രവർത്തകരാരും പാർട്ടിയുടെ ഭാരവാഹികളാകാൻ പാടില്ലെന്ന് മുൻകാല സോഷ്യലിസ്റ്റ് നേതാക്കൾ ശഠിച്ചു. അങ്ങനെ ജനതാപാർട്ടി പിളർന്നു. ചൗധരി ചരൺ സിംഗിന്റെ നേതൃത്വത്തിൽ ലോക്‌ദൾ രൂപീകൃതമായി. അതിനുശേഷവും വിവാദം കെട്ടടങ്ങിയില്ല. അവശിഷ്ട ജനതാപാർട്ടിയിലും ഉഭയാംഗത്വ വിവാദം ഉയർന്നു. ആർ.എസ്.എസ് ബന്ധം ഉപേക്ഷിക്കാൻ സാദ്ധ്യമല്ലെന്ന് ശഠിച്ച് മുൻകാല ജനസംഘ നേതാക്കൾ രൂപീകരിച്ചതാണ് ഭാരതീയ ജനതാപാർട്ടി. 1980 ൽ ബി.ജെ.പി രൂപീകരിക്കുമ്പോൾ അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ചത് ജനാധിപത്യം, മതേതരത്വം, ദേശീയോദ്ഗ്രഥനം, മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയൻ സോഷ്യലിസം എന്നിവയായിരുന്നു. ഗാന്ധിവധത്തിന്റെ ദുഷ്പേരിൽ നിന്ന് രക്ഷപ്പെടാൻ അന്നത്തെ നേതൃത്വം കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഗാന്ധിയൻ സോഷ്യലിസം. സോഷ്യലിസത്തോടോ ഗാന്ധിയൻ ആദർശത്തോടോ പറയത്തക്ക യാതൊരു പ്രതിപത്തിയും അന്നുവരെ പ്രകടിപ്പിക്കാത്തവരായിരുന്നു മുൻകാല ജനസംഘ നേതാക്കളും അവരുടെ മാതൃസംഘടനയെന്നു പറയാവുന്ന ആർ.എസ്.എസും. ഏതായാലും ബി.ജെ.പി രൂപീകരിച്ചശേഷം ഇവർ പുറമേയ്‌ക്കെങ്കിലും ഗാന്ധയൻ ആദർശങ്ങളോടു പ്രതിപത്തി പ്രകടിപ്പിച്ചു.

നാഥുറാം ഗോഡ്സെ ആർ.എസ്.എസുകാരനായിരുന്നില്ലെന്നും ഗാന്ധിവധവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് സംഘപരിവാർ ആദ്യകാലം മുതലേ വാദിച്ചുകൊണ്ടിരുന്നത്. ഗോഡ്സെ ഹിന്ദുമഹാ സഭയുടെ പ്രവർത്തകനും വിനായക് ദാമോദർ സവർക്കറുടെ ഉറ്റ അനുയായിയുമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടുമുമ്പും ശേഷവുമുള്ള കാലഘട്ടത്തിൽ ആർ.എസ്.എസും ഹിന്ദുമഹാസഭയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഹിന്ദുമഹാസഭാ നേതാവ് സർവർക്കറും ആർ.എസ്.എസ് മേധാവി ഗോൾവൾക്കറും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. അതുകൊണ്ടു തന്നെ ആർ.എസ്.എസ് ഗാന്ധിവധത്തെ അപലപിക്കുകയും തങ്ങൾക്ക് ഇതുമായി ഒരുബന്ധവുമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര സർക്കാർ ആർ.എസ്.എസിനെ നിരോധിച്ചു. ഗോൾവൾക്കർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ സർവക്കറുടെ നിർദ്ദേശാനുസരണമാണ് നാരായൺ ആപ്തെയും നാഥുറാം ഗോഡ്സെയും അടക്കമുള്ളവർ ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായി. സവർക്കറും ഗോഡ്സെയും ആപ്തെയുമടക്കുള്ളവർ വിചാരണ നേരിട്ടു. ഗോഡ്സെയും ആപ്തെയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ്വ, വിഷ്ണു കാർക്കറെ എന്നിവർ ജീവപര്യന്തം കഠിനതടവിനും വിധിക്കപ്പെട്ടു. സവർക്കറെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിക്കളഞ്ഞു. അതേത്തുടർന്ന് 1949 നവംബർ 15 ന് ഗോഡ്സെയും ആപ്തെയും കഴുമരത്തിലേറി.

1948 ഫെബ്രുവരി ഒന്നിന് അറസ്റ്റ് ചെയ്യപ്പെട്ട ഗോൾവൾക്കറെ ആറുമാസം കഴിഞ്ഞപ്പോൾ മോചിപ്പിച്ചു. നവംബർ 13 ന് വീണ്ടും അറസ്റ്റ് ചെയ്തു. ഹിന്ദുമഹാസഭയും ആർ.എസ്.എസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഗാന്ധിവധത്തിന്റെ കാര്യത്തിൽ തങ്ങൾ തികച്ചും നിരപരാധികളാണന്നും അവർ വാദിച്ചു. നിരോധനം നീക്കാൻ പലപ്രകാരത്തിലും യത്നിച്ചു. ഒടുവിൽ രാഷ്ട്രീയത്തിൽ ഇടപെടുകയില്ല, ഒരു സന്നദ്ധ സംഘടനയായി മാത്രം പ്രവർത്തിക്കുമെന്ന ഉറപ്പിന്മേൽ കേന്ദ്ര സർക്കാർ നിരോധനം നീക്കാൻ തയ്യാറായി. 1949 ജൂലായ് 11ന് ആർ.എസ്.എസ് വീണ്ടും നിയമവിധേയമായി. 1960 കളുടെ മദ്ധ്യത്തിൽ ഗാന്ധിവധത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ജീവൻലാൽ കപൂറിനെ കമ്മിഷനായി നിയമിച്ചു. ഗാന്ധിവധത്തിന്റെ സൂത്രധാരൻ സവർക്കറായിരുന്നുവെന്ന് കപൂർ കമ്മിഷൻ കണ്ടെത്തി. ഒരു സംഘടനയെന്ന നിലയ്ക്ക് ആർ.എസ്.എസിന് പങ്കില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അതോടെ ആർ.എസ്.എസുകാർക്ക് ഉത്സാഹം വർദ്ധിച്ചു. ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസുകാരാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ തുടങ്ങി. സമീപകാലത്ത് രാഹുൽ ഗാന്ധിക്കെതിരെ പോലും ഇത്തരത്തിൽ കേസുണ്ടായി.

ആരംഭകാലത്ത് ഭാരതീയ ജനസംഘവും ഹിന്ദുമഹാസഭയും ബദ്ധവൈരികളായാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1962 നു ശേഷം ഹിന്ദുമഹാസഭ ക്ഷയിക്കുകയും ആ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരുമൊക്കെ ജനസംഘത്തിൽ ചേക്കേറുകയു ചെയ്തു. 1966 ഫെബ്രുവരി 26 ന് സവർക്കർ അന്തരിച്ചു. അതിനുശേഷം ഹിന്ദുമഹാസഭ തികച്ചും നിർജ്ജീവമായി. കാലാന്തരത്തിൽ സവർക്കറോടുള്ള എതിർപ്പും അലിഞ്ഞ് ഇല്ലാതായി. അദ്ദേഹത്തെ ആർ.എസ്.എസുകാർ ഒരു വീരനായകനായി അംഗീകരിച്ചു. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ സവർക്കറുടെ പൂർണകായ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചു. ഗാന്ധിവധത്തെക്കുറിച്ച് ആർ.എസ്.എസിന് ഒരുകാലത്തും പശ്ചാത്താപം ഉണ്ടായിട്ടില്ല. അവർ ഗോഡ്സെയുടെ പാരമ്പര്യത്തെ ഉള്ളുകൊണ്ട് അംഗീകരിക്കുകയും രഹസ്യമായി അഭിനന്ദിക്കുകയും ചെയ്യും. ഇന്ത്യാ വിഭജനം തടയാൻ കഴിയാഞ്ഞ, വർഗീയ ലഹളകൾ പടർന്നു പിടിക്കുമ്പോൾ ഡൽഹിയിലെ മുസ്ളിങ്ങളുടെ രക്ഷക്കുവേണ്ടി നിരാഹാര സത്യാഗ്രഹം നടത്തിയ മഹാത്മാഗാന്ധി തീർച്ചയായും വധിക്കപ്പെടേണ്ടയാൾ തന്നെയായിരുന്നു എന്ന് അവർ കരുതുന്നു. കാശ്മീരിൽ യുദ്ധം നടക്കുമ്പോൾ പാകിസ്ഥാന് 55 കോടി രൂപ കൊടുപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു ഗാന്ധിജിയു‌ടെ ഉപവാസം എന്നും അവർ കൂട്ടിച്ചേർക്കുന്നു. മഹാത്മാവിനെ വെടിവച്ചു കൊന്നതുകൊണ്ടാണ് സാമുദായിക ലഹളകൾ ശമിച്ചതെന്നും അദ്ദേഹം തുടർന്നും ജീവിച്ചിരുന്നെങ്കിൽ ബലപ്രയോഗത്തിലൂടെ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോടു ചേർക്കാൻ കഴിയുമായിരുന്നില്ലെന്നുമാണ് അവർ വിശ്വസിക്കുന്നത്. വിചാരണക്കോടതിയിൽ ഗോഡ്സെ സമർപ്പിച്ച സ്റ്റേറ്റ്മെന്റ് വിവിധ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യിച്ച് വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഗോഡ്സെയെ തള്ളിപ്പറയാൻ ഹിന്ദുത്വവാദികൾക്ക് ഒരു കാരണവശാലും സാദ്ധ്യമല്ല.

മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ ഹിന്ദുത്വവാദികൾ ഒരുക്കമല്ല. രാഷ്ട്രം സഹസ്രാബ്ദങ്ങൾക്കു മുമ്പേ ഇവിടെ ഉണ്ടായിരുന്നു ; അതിന് ഏതെങ്കിലും ഒരു പിതാവുണ്ടാവുക അസാദ്ധ്യമാണ് എന്നതാണ് അവരുടെ താത്വിക നിലപാട്. സമീപ കാലം വരെ ആർ.എസ്.എസ് സൈദ്ധാന്തികന്മാർ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോഴും അവരുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടായതായി അറിയില്ല. മഹാത്മാഗാന്ധിക്ക് ഇന്ത്യാ ചരിത്രത്തിലും രാഷ്ട്രീയത്തിലുമുള്ള അതുല്യമായ സ്ഥാനം സംഘപരിവാറിന് കൃത്യമായി അറിയാം. ആ ദേശീയ വിഗ്രഹത്തെ ഉടയ്ക്കാൻ സാദ്ധ്യമല്ലെന്നും അവർക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ അംഗീകരിക്കുന്നതായി ഭാവിക്കുകയും പരോക്ഷമായി വിലയിടിച്ചു കാണിക്കുകയുമാണ് പരിപാടി. സവർക്കറെയും ഗോഡ്സെയെയും മഹത്വവത്കരിച്ചുകൊണ്ട് അവർ ആ ലക്ഷ്യം ക്രമേണ നടപ്പാക്കിയെടുക്കുകയാണ്. രാഷ്ട്രപിതാവിനെ താഴ്ത്തിക്കെട്ടുന്ന കാര്യത്തിൽ സംഘപരിവാർ ഒറ്റയ്‌ക്കല്ല. പൊളിറ്റിക്കൽ ഇസ്ളാമിന്റെ വക്താക്കളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരും സ്വയം പ്രഖ്യാപിത അംബേദ്‌കറൈറ്റുകളും അരുന്ധതി റോയിയെപ്പോലെയുള്ള ബുദ്ധിജീവികളുമൊക്കെ കാലങ്ങളായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ സവർക്കറെയും ഗോഡ്സെയെയും മഹത്വപ്പെടുത്താനുള്ള തൊലിക്കട്ടി നമ്മുടെ നാട്ടിൽ സംഘപരിവാറിനു മാത്രമേയുള്ളൂ.