കോലഞ്ചേരി: ടാറിംഗിനായി വിരിച്ച ജി.എസ്.ബി മിശ്രിതത്തിൽനിന്ന് കല്ലുതെറിച്ച് കടയ്ക്ക് മുന്നിലെ ഗ്ളാസ് തകർന്നു. മണ്ണൂർ - പോഞ്ഞാശേരി റോഡിൽ പടിഞ്ഞാറെക്കവലയ്ക്ക് സമീപം കമല ഇലക്ട്രിക്കൽസിന്റെ മുന്നിലെ ചില്ലാണ് തകർന്നത്. ആറുമാസം മുമ്പാണ് ടാറിംഗിനായി മിശ്രിതം വിരിച്ചത്. സാങ്കേതിക തടസങ്ങളിൽ പണി അനിശ്ചിതമായി നീണ്ടുപോവുകയാണ്. കഴിഞ്ഞദിവസം റോഡരികിൽ പാർക്കുചെയ്ത ഓട്ടോറിക്ഷയ്ക്കും സമാനഅനുഭവമുണ്ടായി. ഇതുവഴി പോകുന്ന വാഹനങ്ങൾ വേഗംകുറച്ച് പോകാനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂർ യൂണി​റ്റ് പ്രസിഡന്റ് വിനോയ് സ്‌കറിയ, സെക്രട്ടറി ബേസിൽ കെ. ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.