swami-dharmachaithanya
ആലുവ അദ്വൈതാശ്രമത്തിലെത്തി സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുമായി നഗരസഭ ചെയർമാൻ എം.ഒ. ജോൺ കൂടിക്കാഴ്ച്ച നടത്തുന്നു

#കൈയേറ്റത്തിന് ശ്രമമില്ലെന്നും ചെയർമാൻ

ആലുവ: അദ്വൈതാശ്രമത്തിന്റെ ഭൂമി നഗരസഭ കൈയേറില്ലെന്നും ഇക്കാര്യത്തിൽ ആശ്രമത്തിന് പരാതിയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. കൈയേറ്റ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് അദ്വൈതാശ്രമത്തിലെത്തി സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്വൈതാശ്രമം ആവശ്യപ്പെട്ടാൽ മലിനജല സംസ്കരണ പ്ലാന്റ് വരെ മാറ്റി സ്ഥാപിക്കാൻ നഗരസഭ തയ്യാറാണ്. അദ്വൈതാശ്രമത്തിന്റെ തീരുമാനം അനുസരിച്ച് മാത്രമേ ഭാവിയിൽ ഈ വഴിയിൽ നിർമ്മാണം നടത്തൂ. നിലവിൽ നഗരസഭ സ്ഥാപിച്ച ആർച്ച് ബോർഡിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ തീരുമാനം വരുന്നതുവരെ പരസ്യങ്ങളൊന്നും എഴുതില്ലെന്നും ചെയർമാൻ ഉറപ്പ് നൽകി. കൈയേറ്റ ശ്രമം നടത്തിയ വഴിയുടെ കരം അടക്കുന്നതിന്റെ രേഖകളും അദ്വൈതാശ്രമം അധികൃതർ ചെയർമാനെ ബോദ്ധ്യപ്പെടുത്തി.

എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ എം.വി. മനോഹരൻ, കൗൺസിലർ കെ.കെ. മോഹനൻ, ആലുവ ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവരും സ്വാമിക്കൊപ്പം ഉണ്ടായിരുന്നു.

നഗരസഭയ്ക്കെതിരെ വ്യാപക പ്രതിഷേധം
ആലുവ അദ്വൈതാശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആലുവ നഗരസഭ കൈയേറാൻ നടത്തിയ നീക്കത്തിൽ അദ്വൈതാശ്രമം ഭക്തജനസമിതി യോഗം പ്രതിഷേധിച്ചു. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ ഉടൻ നീക്കിയില്ലെങ്കിൽ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ സമരമാരംഭിക്കാനും തീരുമാനിച്ചു. ഭക്തജനസമിതി ചെയർമാൻ സംഘമിത്ര പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനവർ എം.വി. മനോഹരൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ്‌ മെമ്പർ വി.ഡി. രാജൻ, ഭക്തജനസമിതി ഭാരവാഹികളായ പി.എസ്. സിനീഷ്, പി.സി. ബിബിൻ, വി.ഡി. ജയപാൽ, ബാബു മുപ്പത്തടം, അമോണിയ സുരേഷ്, ആർ.കെ. ശിവൻ, കെ.എൻ. ദിവാകരൻ, സജീവൻ ഇടച്ചിറ, പി.എൻ. ദാമോദരൻ, ജയന്തൻ ശാന്തി എന്നിവർ സംസാരിച്ചു.

ശ്രീനാരായണ ക്ളബ് പ്രതിഷേധിച്ചു

നഗരസഭ അധികൃതരുടെ നടപടിക്കെതിരെ ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ മുന്നറിയിപ്പ് നൽകി. അദ്വൈതാശ്രമത്തിന്റെ ഒരിഞ്ച് ഭൂമിപോലും അധികാരത്തിന്റെ മറവിൽ അനധധികൃതമായി കൈയടക്കാൻ ആരേയും അനുവദിക്കില്ല.

ഒ.ബി.സി മോർച്ച

മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനും സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചതിന്റെ മറവിൽ അദ്വൈതാശ്രമഭൂമി കൈയേറാനുള്ള നഗരസഭയുടെ നീക്കം ശ്രീനാരായണ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എ.എസ്. സലിമോൻ, ജനറൽ സെക്രട്ടറി പി.പി. ഹരിദാസ് എന്നിവർ പറഞ്ഞു.