kaumudi
ഡിസംബർ 22ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ചരക്കുലോറി ഇടിച്ച് തകർത്ത ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം പാലത്തിന്റെ കൈവരിയുടെയും ഇരുമ്പ് നടപ്പാതയുടെയുെം അറ്റകുറ്റപ്പണി 22ന് ആരംഭിക്കും. നിർമ്മാണത്തിനായി 4.6 ലക്ഷം രൂപ രൂപ അനുവദിച്ചിട്ടുണ്ടെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

അപകടം നടന്ന നാലാം മാസത്തിലേക്ക് കടക്കുന്ന ദിവസമാണ് 4.06 കോടിരൂപ ചെലവിൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന അറിയിപ്പ് പുറത്തുവരുന്നത്. തോട്ടുമുഖം പാലത്തിൽ അപകടക്കെണി എന്ന തലക്കെട്ടിൽ 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്നാണ് അൻവർ സാദത്ത് എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും ഇടപെട്ട് ഫണ്ട് അനുവദിപ്പിക്കുകയും നടപടികൾ പൂർത്തിയാക്കി കരാർ നൽകുകയും ചെയ്തത്. നവംബർ 21നാണ് അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ മഹാരാഷ്ട്ര ലോറി കൈവരിയും ഇതോടുചേർന്നുള്ള ഇരുമ്പ് നിർമ്മിത നടപ്പാതയും തകർത്തത്. പാലം അറ്റകുറ്റപ്പണിക്ക് ലോറി ഉടമ തയ്യാറാവാത്തതിനാൽ പി.ഡബ്ള ്യു.ഡി തന്നെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിച്ചത്.

ഇതേത്തുടർന്ന് ലോറി ഡ്രൈവർക്കെതിരെ പി.ഡബ്ള ്യു.ഡി ബ്രിഡ്ജസ് വിഭാഗം ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയും പരാതിയിൽ കൂട്ടിച്ചേർത്താണ് നൽകിയത്. എന്നാൽ വാഹന ഇൻഷ്വറൻസ് വഴിയേ പണം നൽകാനാകൂവെന്ന നിലപാടിലായിരുന്നു ലോറി ഉടമ. തകർന്ന കോൺക്രീറ്റ് നിർമ്മിത കൈവരിക്ക് പകരം താത്കാലികമായി മരക്കുറ്റികൾ സ്ഥാപിച്ചിരിക്കുകയാണ്. നടപ്പാതയും കൈവരികളെല്ലാം തകർന്ന് നടക്കാൻപോലും സൗകര്യമില്ലാതെ കിടക്കുകയാണ്.

ലോറി ഉടമയ്ക്കെതിരായ നടപടികൾ ഇഴയുന്നു

തോട്ടുമുഖം പാലം തകർത്ത മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ചരക്ക് ലോറിക്കെതിരായ പൊലീസ് നടപടികൾ ഇഴയുന്നു. അപകടത്തിൽ പി.ഡബ്ള ്യു.ഡിക്ക് പുറമെ വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ എന്നിവയ്ക്കും നഷ്ടമുണ്ടായി. നഷ്ടപരിഹാരം നൽകാൻ ലോറി ഉടമ തയ്യാറാകാത്തതിനാൽ ഇൻഷ്വറൻസ് തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുകയേ നിർവ്വാഹമുള്ളു. പി.ഡബ്ള ്യു.ഡി റോഡ്സ് വിഭാഗവും വാട്ടർ അതോറിറ്റിയും നഷ്ടത്തിന്റെ എസ്റ്റിമേറ്റ് സഹിതം പൊലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ബി.എസ്.എൻ.എൽ പരാതി നൽകിയിട്ടില്ല. അതിനാലാണ് തുടർ നടപടികൾ വൈകുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.