മൂവാറ്റുപുഴ: കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പായിപ്ര ഗവ. യു.പി സ്കൂളിലെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ നട്ട സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു. മുന്നൂറോളം ചെടികളാണ് പൂവിട്ടുനിൽക്കുന്നത് ആനന്ദകരമായ കാഴ്ചയാണ്. പൂക്കൾ കാണാൻ ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. തേനീച്ചകളും ശലഭങ്ങളും മധുനുകരാൻ സൂര്യകാന്തി പൂവുകളിൽ സദാസമയവും കാണാം. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് പരീക്ഷണടിസ്ഥാനത്തിൽ നട്ട ചെടികളെല്ലാം പൂവിട്ടു. ഓൺലൈൻവഴി വാങ്ങിയ ഗായത്രി ഇനത്തിലെട വിത്തിനമാണ് നട്ടത്. നാൽപത്തഞ്ച് ദിവസങ്ങൾ കൊണ്ടാണ് പൂക്കൾ വിരിഞ്ഞത്.
സൂര്യകാന്തിത്തോട്ടത്തിൽ വെച്ച് മനോഹരമായി സെൽഫിയെടുത്ത് അയക്കുന്നവർക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ പച്ചക്കറി കൃഷി, എള്ള് കൃഷി, ഔഷധഉദ്യാനം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കൽ, സെൽഫി അറ്റ് സൂര്യകാന്തിത്തോട്ടം, ജൈവപച്ചക്കറി കൃഷി എന്നിവയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നിർമ്മിച്ച മഴവിൽ സോപ്പുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സി വിനയൻ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ശ്രീധരൻ, എം.എസ്. അലി, പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, സി.എൻ. കുഞ്ഞുമോൾ, പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർ കെ.എം. നൗഫൽ, അറഫ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. .എസ്. ശരത്ത്, പി.ടി.എ അംഗങ്ങളായ പി.ഇ. നൗഷാദ്, പി.എം. നവാസ്, പ്രൊഫ. എ.എം. സാജിദ്, എച്ച്. ഷംസുദ്ദീൻ, ഷാജഹാൻ, കമാലുദ്ദീൻ , രാജേഷ് സി.എ എന്നിവർ സംസാരിച്ചു.